/topnews/national/2024/05/24/what-is-the-motive-behind-bangladesh-mp-anwarul-azim-anar-murder

കൊൽക്കത്ത യാത്ര മരണത്തിലേക്കായി; ആ യുവതി ആര്, ബംഗ്ലാദേശ് എംപിയുടെ കൊലപാതകം എന്തിന്? അടിമുടി ദുരൂഹത

എന്തിനാണ് അൻവറുൾ അസീമിനെ കൊലപ്പെടുത്തിയത്? ഇത്ര ഭീകരത മൃതദേഹത്തോട് കാട്ടാൻ മാത്രം വൈരാഗ്യം എന്തായിരിക്കും? അദ്ദേഹം കൊൽക്കത്തയിലേക്ക് എന്തിനാണ് വന്നത്?

dot image

കൊൽക്കത്ത നഗരത്തിലെ ഒരു കൊലപാതക വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് ഇന്ത്യയും ബംഗ്ലാദേശും. ബംഗ്ലാദേശ് എംപി അൻവറുൾ അസീം അനാർ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തൊലിയുരിഞ്ഞ ശേഷം തുണ്ടംതുണ്ടമായി മുറിച്ച് ഉപേക്ഷിച്ച നിലയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. എന്തിനാണ് അൻവറുൾ അസീമിനെ കൊലപ്പെടുത്തിയത്? ഇത്ര ഭീകരത മൃതദേഹത്തോട് കാട്ടാൻ മാത്രം വൈരാഗ്യം എന്തായിരിക്കും? അദ്ദേഹം കൊൽക്കത്തയിലേക്ക് എന്തിനാണ് വന്നത്?

മരിക്കാൻ വേണ്ടി വന്നതാണ് - അഗതാ ക്രിസ്റ്റിയുടെ ക്രൈംത്രില്ലറുകളിൽ പറയുന്നതുപോലെ - അതാണ് അൻവറുൾ അസീം അനാറിന്റെ കൊൽക്കത്ത യാത്രയെക്കുറിച്ച് നിലവിൽ പറയാനാവുക. മെയ് 12നാണ് അദ്ദേഹം ധാക്കയിൽ നിന്ന് കൊൽക്കത്തയിലേക്ക് എത്തിയത്. ചികിത്സാ ആവശ്യാർത്ഥം എന്നാണ് ലഭിക്കുന്ന വിവരം, എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. സുഹൃത്ത് ഗോപാൽ ബിശ്വാസിനൊപ്പമായിരുന്നു എംപിയുടെ താമസം. അതിനിടെയാണ് കുറച്ചു ദിവസം മുമ്പ് അൻവറുൾ അസീമിനെ കാണാതായത്. കൊൽക്കത്തയിലെ ബഹുനില അപാർട്ട്മെന്റ് കോംപ്ലക്സുകളിലൊന്നിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഇവിടെ വച്ച് അദ്ദേഹം കൊല ചെയ്യപ്പെട്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതേ അപാർട്ട്മെന്റിൽ വച്ചാണ് കൊലപാതകികൾ അദ്ദേഹത്തിന്റെ മൃതദേഹം ചെറു കഷണങ്ങളായി മുറിച്ച് നിരവധി പ്ലാസ്റ്റിക് ബാഗുകളിലാക്കിയതെന്നും പൊലീസ് പറയുന്നു.

ആരാണ് അൻവറുൾ അസീമിനെ കൊന്നത്? ഉത്തരം പൊലീസ് പറയുന്നു - അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായ ജിഹാദ് ഹവൽദാർ ആണ് പ്രതി. ഇയാളെ പൊലീസ് പിടികൂടി. കൊലപാതകത്തിലും മൃതദേഹം പലയിടങ്ങളിലായി ഉപേക്ഷിച്ചതിലും പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചുകഴിഞ്ഞു. പക്ഷേ, എങ്ങനെയാണ് കൊലപ്പെടുത്തിയത്? എന്തിനാണ് കൊലപ്പെടുത്തിയത്? ആ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്കുള്ള ദിശാസൂചകമാണ് ശിലാഷ്ടി റഹ്മാൻ എന്ന യുവതി. കൊലപാതകികളുമായി അടുത്ത ബന്ധമുള്ള ശിലാഷ്ടി അൻവറുൾ അസീമിനെ കെണിയിൽപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. ഹണിട്രാപ് ആണ് ഇതെന്നും പൊലീസ് വിശദീകരിക്കുന്നു. ശിലാഷ്ടി അൻവറുൾ അസീമിനെ അപ്പാർട്ട്മെന്റിലെത്തിച്ചെന്നാണ് നിഗമനം. അപ്പാർട്ട്മെന്റിനു മുന്നിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ൻവറുൾ അസീം ഒരു യുവതിക്കൊപ്പം നിൽക്കുന്നത് കാണാം. ഇതാണ് അദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുള്ള അവസാന ദൃശ്യവും. ശിലാഷ്ടിയെ പൊലീസ് പിടികൂടിക്കഴിഞ്ഞു. എന്നാൽ, അതിനപ്പുറം മറ്റൊരു വിവരവും പുറത്തുവന്നിട്ടില്ല.

മറ്റ് നാല് പേർക്കു കൂടി കൃത്യത്തിൽ പങ്കുണ്ടെന്ന് ജിഹാദ് ഹവൽദാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. അമേരിക്കൻ പൗരത്വമുള്ള അക്തർ ഉസ്മാൻ എന്ന വ്യക്തിയും ഇവരിൽ ഉൾപ്പെടുന്നു. ഇയാളാണ് സൂത്രധാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. ശിലാഷ്ടിക്ക് അടുപ്പമുള്ളതും ഇയാളുമായാണ്. കൊലപാതകികൾക്ക് അഞ്ച് കോടി രൂപ അക്തർ ഉസ്മാൻ നൽകിയിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അയാൾ അമേരിക്കയിലാണ് ഉള്ളതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കൊലപാതകം നടന്ന ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത് അക്തർ ഉസ്മാന്റെ ഒരു സുഹൃത്താണ്. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നും പൊലീസ് പറയുന്നു.

കൊല നടത്തിയ ശേഷം മൃതദേഹത്തിന്റെ തൊലിയുരിച്ചെന്നും മാംസം വേർപെടുത്തി നിരവധി കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച് പലയിടങ്ങളിൽ ഉപേക്ഷിച്ചെന്നും പൊലീസിനോട് ജിഹാദ് ഹവൽദാർ പറഞ്ഞു. ആളെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, അത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എല്ലുകളും ചെറു കഷണങ്ങളാക്കി സമാന രീതിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ റെഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതികളിലൊരാൾ വലിയ സ്യൂട്ട്കെയ്സുമായി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

മെയ് 18നാണ് അൻവറുൾ അസീമിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിക്കുന്നത്. സുഹൃത്തായ ഗോപാൽ ബിശ്വാസാണ് പരാതി നൽകിയത്. 16 മുതൽ അസീമിനെ കാണാനില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. അസീമിന്റെ പിഎ അദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. പിന്നാലെ കുടുംബാംഗങ്ങളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അസീമിന്റെ മകൾ ഗോപാൽ ബിശ്വാസിനെ വിളിച്ച് വിവരമറിയിച്ചതും അദ്ദേഹം പൊലീസിൽ പരാതി നൽകിയതും.

അതേസമയം, ബംഗ്ലാദേശ് എംപിയുടെ വരവിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് കൊൽക്കത്ത പൊലീസ് പറയുന്നു. കാണാതായെന്ന പരാതി ലഭിച്ചപ്പോഴാണ് കാര്യങ്ങളറിയുന്നതെന്നും സിഐഡി ഐജി അഖിലേഷ് കുമാർ ചതുർവേദി പറയുന്നു. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബംഗാൾ സർക്കാരിന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. അൻവറുൾ അസീം പതിവായി കൊൽക്കത്ത സന്ദർശിക്കുന്ന വ്യക്തിയാണെന്നാണ് ധാക്കയിൽ നിന്ന് ലഭിക്കുന്ന വിവരം. അപ്പോഴും, സന്ദർശനത്തിന്റെ ലക്ഷ്യം എന്തായിരുന്നു, കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്ത് തുടങ്ങിയവ ദുരൂഹതയായി തുടരുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us