
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ചുവരെഴുത്ത് നടത്തിയ സംഭവത്തില് ഒരാൾ അറസ്റ്റിൽ. ബറേലി സ്വദേശി അങ്കിത് ഗോയലാണ് അറസ്റ്റിലായത്. ബാങ്ക് ജീവനക്കാരനാണ് അങ്കിത് ഗോയൽ. പട്ടോൽ നഗർ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനുകളിലാണ് കെജ്രിവാളിന് എതിരെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. രാഷ്ടീയ പാർട്ടികളുമായി ബന്ധമില്ലെന്ന് ഡല്ഹി പൊലീസ് പറയുന്നു.
കെജ്രിവാളിനെ ആക്രമിക്കാൻ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും പദ്ധതി ഇടുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നിരിക്കെ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇടക്കാല ജാമ്യത്തിൽ കഴിയുന്ന അരവിന്ദ് കെജ്രിവാള് പ്രചാരണങ്ങളിൽ സജീവമാണ്. മെയ് 25ന് ആറാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ശേഷം ജൂൺ രണ്ടിനാണ് തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ ഹജരാകേണ്ടത്.