
ശ്രീനഗർ: അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള് രേഖപ്പെടുത്തിയ കുറഞ്ഞ പോളിങ്ങ് നിരക്ക് രാഷ്ട്രീയ പാര്ട്ടികളില് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നാലുഘട്ടങ്ങളിലും ആവേശപൂര്വ്വം പോളിങ്ങ് രേഖപ്പെടുത്തിയ പശ്ചിമബംഗാളില് അഞ്ചാംഘട്ടത്തില് പോളിങ് ശതമാനം 76.05 ആയിരുന്നു. ഇന്ഡ്യ മുന്നണിയും എന്ഡിഎയും തമ്മില് ശക്തമായ മത്സരം നടന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത്. 54.33 ശതമാനം പോളിങാണ് മഹാരാഷ്ട്രയില് രേഖപ്പെടുത്തിയത്. അഞ്ചാംഘട്ടത്തിലെ കുറഞ്ഞ പോളിങ് ചര്ച്ചയാകുമ്പോള് ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ ഉയര്ന്ന പോളിങ്ങ് ശതമാനം ശ്രദ്ധേയമാകുന്നു. 1984ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്ന്ന പോളിങാണ് ഇത്തവണ ബാരാമുള്ളയില് രേഖപ്പെടുത്തിയിരിക്കുന്നത്. 1984ല് 58.90 പോളിങ് രേഖപ്പെടുത്തിയ ബാരാമുള്ളയില് ഇത്തവണ 59 ശതമാനം പോളിങ് രേഖപ്പെടുത്തി.
1980കളുടെ രണ്ടാംപകുതിയില് കശ്മീര് അശാന്തമായതിന് ശേഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില് ബാരമുള്ളയിലെ പോളിങ്ങ് ശതമാനം പലപ്പോഴും കുറവ് നിരക്കുകളാണ് രേഖപ്പെടുത്തിയിരുന്നത്. ജമ്മു കശ്മീരിനുള്ള പ്രത്യേക അവകാശമായ ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ബാരമുള്ള റെക്കോര്ഡ് സ്വഭാവത്തില് പോളിങ് ബൂത്തിലെത്തിയത്.
17,37,865 വോട്ടര്മാരുള്ള ബാരാമുള്ള ഇത്തവണ 22 സ്ഥാനാര്ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. നാഷണല് കോണ്ഫറന്സ് സ്ഥാനാര്ത്ഥിയായി മുന്മുഖ്യമന്ത്രി ഒമര് അബ്ദുള്ള ബാരാമുള്ളയില് മത്സരരംഗത്തുണ്ടായിരുന്നു. കശ്മീരിലെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെട്ടതാണ് പോളിങ് ശതമാനം വര്ദ്ധിപ്പിച്ചതെന്ന വാദമുണ്ട്. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ ആദ്യമായാണ് ഭീകരാക്രമണ ഭീഷണിയോ തിരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനങ്ങളോ ഇല്ലാതെ ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭയരഹിതമായ അന്തരീക്ഷം സാധാരണക്കാരായ വോട്ടര്മാരെ ജമ്മു കശ്മീരിലേയ്ക്ക് ആകര്ഷിച്ചുവെന്നും വിലയിരുത്തലുകളുണ്ട്. 370 റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയ പ്രവര്ത്തനത്തിന് ഇവിടെ പരിമിതികളുണ്ട്. അതിനാല് തന്നെ എത്രയും വേഗം ജനാധിപത്യ പ്രക്രിയ തിരിച്ചുവരണം എന്ന താല്പ്പര്യം രാഷ്ട്രീയ പാര്ട്ടികളിലും വോട്ടര്മാരിലും പ്രകടമായിരുന്നു എന്നും നിരീക്ഷണങ്ങളുണ്ട്. ഇതും പോളിങ് വര്ദ്ധിക്കാന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
370 റദ്ദാക്കിയതിന് ശേഷം കശ്മീരില് നിലനില്ക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരായ എതിര്പ്പും ജനങ്ങളെ ജനാധിപത്യ പ്രക്രിയയില് പങ്കാളികളാകാന് പ്രേരിപ്പിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ഉദ്യോഗസ്ഥ ഭരണത്തില് സര്ക്കാര് ഓഫീസുകളില് ഇടപെടാനമുള്ള സാധാരണക്കാരുടെ അവകാശങ്ങള് പരിമിതപ്പെടുത്തുവെന്ന് പരാതികളുണ്ട്. അതിനാല് തന്നെ ജനാധിപത്യ സംവിധാനവും ജനപ്രതിനിധികളും തിരിച്ചുവരണമെന്ന് സാധാരണക്കാര് ആഗ്രഹിക്കുന്നതും പോളിങ് കൂടാന് കാരണമായിട്ടുണ്ട്. കശ്മീരില് ജനാധിപത്യ സംവിധാനം തിരികെ വരുന്നതിന് ഈ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് സഹായകമാകുമെന്ന പ്രതീക്ഷയും പോളിങ് ബുത്തിലെത്തിയ വോട്ടര്മാര്ക്കുണ്ടായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
മത്സരരംഗത്തുള്ള എഞ്ചിനീയര് റഷീദ് ഫാക്ടറും പോളിങ് ശതമാനം വര്ദ്ധിപ്പിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. ലാംഗേറ്റില് നിന്നുള്ള തീപ്പൊരി നേതാവായ എഞ്ചിനീയര് റഷീദ് അബ്ദുള് റഷീദ് ഇത്തവണ ബാരാമുള്ളയില് മത്സരരംഗത്തുണ്ട്. യുഎപിഎ നിയമപ്രകാരം ജയില്ലാണ് അബ്ദുള് റഷീദ്. എഞ്ചിനീയര് റഷീദിന്റെ മകനായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. അദ്ദേഹത്തിന്റെ റാലികളില് വലിയ ആള്ക്കൂട്ടം പങ്കാളികളായിരുന്നു, വിശേഷിച്ച് യുവാക്കള്. സഹതാപ തരംഗവും അബ്ദുള് റഷീദിന് അനുകൂലമായതായി വിലയിരുത്തലുകളുണ്ട്. ചരിത്രപരമായി തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ചുക്കാന് പിടിക്കുന്ന മേഖലകളില് പോലും ഇത്തവണ വോട്ടര്മാര് പോളിങ്ങ് ബൂത്തിലെത്തിയതിന് കാരണം അബ്ദുള് റഷീദിന്റെ സ്ഥാനാര്ത്ഥിത്വമാണെന്ന് വിലയിരുത്തലുകളുണ്ട്.