മോദിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ധ്രുവ് റാഠിയുടെ പുതിയ വീഡിയോ; 10 മണിക്കൂറില് 40 ലക്ഷം വ്യൂ

രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങള് ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിച്ച ഈ യുവ യൂട്യൂബര് മുഖ്യപ്രതിപക്ഷത്തിന്റെ റോളാണ് ഏറ്റെടുത്തിരിക്കുന്നത്

dot image

മുംബൈ: യൂട്യൂബര് ധ്രുവ് റാഠിയുടെ 'എ ഡിക്റ്റേറ്റര് മെന്റാലിറ്റി' എന്ന പുതിയ വീഡിയോക്ക് 10 മണിക്കൂറില് 40 ലക്ഷം കാഴ്ച്ചക്കാര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്ശിച്ചുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്ക്കുള്ളില് കാഴ്ചക്കാരുടെ പ്രവാഹം. രാജ്യത്തെ അടിസ്ഥാന ചര്ച്ചകള് ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിച്ച ഈ യുവ യുട്യൂബര് ഇതിനകം സമൂഹ മാധ്യമത്തില് മുഖ്യപ്രതിപക്ഷത്തിന്റെ റോളാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ വീഡിയോയില് മോദിയുടെ ഏകാധിപത്യ സ്വഭാവവും ഇരട്ട വ്യക്തിത്വവും അവസര വാദവും സംബന്ധിച്ച വിശദീകരണങ്ങളാണ്. വീഡിയോ ഇതനികം സമൂഹ മാധ്യമങ്ങളിലടക്കം ചര്ച്ചയായിരിക്കുകയാണ്. തന്നെ പുകഴ്ത്തുന്നവരെ വാഴ്ത്തുകയും തള്ളിപ്പറയുന്നവരെ നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതികളെ ചരിത്രത്തിന്റെയും വാര്ത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില് ഇഴകീറി പരിശോധിക്കുകയാണ് ധ്രുവ്.

1996ല് മനശാസ്ത്രജ്നനായ ആശിഷ് നന്ദി, മോദിയുമായി നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് ധ്രുവിന്റെ വീഡിയോ ആരംഭിക്കുന്നത്. വോട്ട് ബങ്കിനായി സ്വീകരിക്കുന്ന അവസരവാദവും വിവിധയിടങ്ങളില് മോദി ഒരേ കാര്യത്തില് സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും വീഡിയോയില് തുറന്നുകാണിക്കുന്നു. ഒരു ഭാഗത്ത് മുസ്ലീങ്ങളെയും ന്യൂനപക്ഷങ്ങളെയും തള്ളിപ്പറയുകയും അവരുടെ സ്വാധീന മേഖലയിലെത്തുമ്പോള് അവരെ ചേര്ത്തുപിടിക്കുയും ചെയ്യുന്ന ഇരട്ട മുഖത്തെ ഒരുപോലെ വിമര്ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. പാര്ട്ടിക്കകത്ത് തന്നെ വിമര്ശിക്കുന്നവരെ സ്ഥാനങ്ങളില് നിന്ന് പതിയെ നീക്കുന്നു. മറിച്ചുള്ളവര്ക്ക് മന്ത്രി സ്ഥാനവും കാബിനറ്റ് പദവിയും നല്കി കൂടെ നിര്ത്തുന്നു. വിമര്ശിക്കുന്ന വ്യക്തികള്, സംഘടനകള്, സ്ഥാപനങ്ങള് എന്നിവയെയെല്ലാം നിയമപരമായും അല്ലാത്ത വഴികളിലൂടെയും തകര്ക്കാനുള്ള മോദിയുടെ ശ്രമത്തെ ചരിത്രത്തിലെ ഉദാഹരണങ്ങള് ചൂണ്ടിക്കാട്ടി സമര്ഥിക്കുകയാണ്.

ഒരു ഭാഗത്ത് ബീഫ് നിരോധനത്തെ പറ്റി വാചാലനാകുന്ന മോദി മറുവശത്ത് ഹലാല് ബീഫ് എക്സ്പോര്ട്ടിങ്ങ് കമ്പനിയില് നിന്ന് ലക്ഷങ്ങള് സംഭാവന വാങ്ങുന്നതടക്കം അര മണിക്കൂറിനടുത്തുള്ള തന്റെ വീഡിയോവിലൂടെ തുറന്നു കാട്ടുകയാണ് ഈ യുവ യൂട്യൂബര്. ട്രാവല് വ്ലോഗ് ചെയ്താണ് ധ്രുവ് യൂട്യൂബിലേക്ക് കടക്കുന്നത്. പിന്നീട് എക്പ്ലൈനറിലേക്കും ഫാക്ട് ചെക്കിങ്ങിലേക്കും കടന്നു. മോദി ആദ്യമായി അധികാരത്തില് വന്ന വര്ഷം തന്നെയാണ് ആദ്യമായി രാഷ്ട്രീയ വിഷയത്തില് വ്ലോഗ് ചെയ്യുന്നത്. BJP Exposed: Lies Behind The Bullshit എന്നായിരുന്നു വീഡിയോ ഹെഡ്. ബിജെപിയുടെ പ്രത്യേകിച്ച് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും അതിന് വിപരീതമായി അദ്ദേഹം ചെയ്യുന്ന നടപടികളും ആയിരുന്നു വിഷയം.

ബിജെപി ഐടി സെല്ലിന്റെ ആരോപങ്ങളെ ഫാക്ട് ചെക്കിങ്ങിലൂടെ നേരിട്ടു. പ്രതിപക്ഷ കക്ഷികളുടെ കാര്യക്ഷമമില്ലാത്ത രാഷ്ട്രീയ പ്രതിരോധത്തെയും വിമര്ശിച്ച ധ്രുവ് കോണ്ഗ്രസ്, തൃണമൂല്, ആം ആദ്മി പാര്ട്ടി തുടങ്ങി മറ്റ് പാര്ട്ടികളുടെ പ്രവര്ത്തന ഘടനയെയും വിമര്ശിച്ചു.

മാസത്തില് പത്തില് താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില് പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്ത്താ ചാനലുകളേക്കാള് അധികം ഏകദേശം 20 മില്യണ് സബ്സ്ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്ഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders' പട്ടികയില് ഉള്പ്പെട്ട ഇന്ത്യക്കാരന് കൂടിയാണ് ധ്രുവ്.

dot image
To advertise here,contact us
dot image