
/topnews/national/2024/05/19/ice-cream-man-of-india-raghunandan-srinivas-kamathpasses-away
മൂംബൈ: ഇന്ത്യൻ ഐസ്ക്രീം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച രഘുനന്ദൻ ശ്രീനിവാസ് കാമത്തിൻ്റെ സംസ്കാരം നടന്നു. ഐസ്ക്രീം മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന രഘുനന്ദൻ ശ്രീനിവാസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുംബൈ അന്ധേരി വെസ്റ്റിലെ അംബോളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. സംഭവബഹുലമായ ജീവിതമാണ് നാച്ചുറൽസ് ഐസ്ക്രീം സ്ഥാപകനായ രഘുനന്ദൻ കാമത്തിൻ്റേത്. മംഗ്ലൂരുവിൽ നിന്നും മുംബൈയിലെത്തി ജീവതം കെട്ടിപ്പെടുത്ത രഘുനന്ദൻ ഐസ്ക്രീം വിപണിയിൽ കോടികളുടെ വിറ്റുവരവുള്ള സ്ഥാപനം പടുത്തുയർത്തി. രഘുനന്ദൻ്റെ നാച്ചുറൽസ് ഐസ്ക്രീം ഇന്ന് 400 കോടി വിറ്റുവരവുള്ള സ്ഥാപനമാണ്.
മാംഗ്ലൂരിലെ മാമ്പഴ കച്ചവടക്കാരൻ്റെ മകനായിരുന്ന രഘുനന്ദൻ 14-ാം വയസ്സിലാണ് മുംബൈയ്ക്ക് ട്രെയിൻ കയറുന്നത്. സഹോദരൻ്റെ റസ്റ്റോറൻ്റിൽ ജോലിക്ക് നിൽക്കവെ രഘുനന്ദന് തോന്നിയ ഒരു ആശയമാണ് നാച്ചുറൽസ് ഐസ്ക്രീമിൻ്റെ പിറവിയ്ക്ക് വഴിതെളിച്ചത്. ഐസ്ക്രീമിൽ അതുവരെ ഉപയോഗിച്ചിരുന്ന പഴങ്ങളുടെ എസ്സൻസിന് പകരം എന്തുകൊണ്ട് യഥാർത്ഥ പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ചു കൂടാ എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് പിന്നീട് ഐസ്ക്രീമിൻ്റെ രുചിക്കൂട്ടിൽ വിപ്ലവം തീർത്തത്. ആദ്യഘട്ടത്തില് പാവ്-ബാജിക്കൊപ്പമായിരുന്നു ഐസ്ക്രീം കച്ചവടം.
രഘുനന്ദൻ്റെ ഐസ്ക്രീം പതിയെ ഹിറ്റായി. അതോടെ 1984ൽ ജൂഹുവിൽ ആദ്യ ഐസ്ക്രീം പാർലർ ആരംഭിച്ചു. തുടക്കത്തിൽ 12 രുചികളിലുള്ള ഐസ്ക്രീമായിരുന്നു വിറ്റിരുന്നത്. ഐസ്ക്രീം സാധാരണക്കാരന് അപ്രാപ്യമായ ഉത്പന്നമെന്ന നിലയിൽ ആളുകൾ കരുതിയിരുന്ന കാലത്തായിരുന്നു രഘുനന്ദൻ്റെ പരീക്ഷണം. ആദ്യ ഐസ്ക്രീം പാർലർ തുറന്ന് ആദ്യത്തെ 10 വർഷത്തിനകം അദ്ദേഹത്തിൻ്റെ ഐസ്ക്രീം ഔട്ട് ലെറ്റുകളുടെ എണ്ണം അഞ്ചായി മാറി. നിലവിൽ രാജ്യത്തെ 15 നഗരങ്ങളിലായി 165ലേറെ ഔട്ട്ലെറ്റുകൾ നാച്ചുറൽസ് ഐസ്ക്രീമിനുണ്ട്. രഘുനന്ദന് ഭാര്യയും രണ്ട് ആൺമക്കളുമാണുള്ളത്. മകൻ സിദ്ധാർഥ് ആണ് നാച്ചുറൽസ് ഐസ്ക്രീമിനെ ഇപ്പോൾ നയിക്കുന്നത്.