
ഡെറാഡൂണ്: ചാര് ധാം ക്ഷേത്രങ്ങളുടെ പരിസരത്ത് മൊബൈല് ഫോണില് റീല്സ് അടക്കം ഷൂട്ട് ചെയ്യുന്നതിന് നിരോധനം ഏര്പ്പെടുത്തി ഉത്തരാഖണ്ഡ് പൊലീസ്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് സുപ്രണ്ടുമാര്ക്ക് കൈമാറി. ക്ഷേത്ര പരിസരത്ത് നിന്നും ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നത് തീര്ത്ഥാടകരെ നിയന്ത്രിക്കുന്നതില് വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്ക് കടന്നതോടെയാണ് തീരുമാനം.
ക്ഷേത്രപരിസരത്ത് ആരും ചിത്രങ്ങളോ വീഡിയോയോ പകര്ത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പുഷ്കര് സിംഗ് ധാമി ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി. ക്ഷേത്രങ്ങളുടെ 50 മീറ്റര് പരിസരത്ത് വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുന്നതിനാണ് വിലക്ക്. അതേസമയം മൊബൈല് ഫോണ് കൈവശം വെക്കുന്നതിന് വിലക്കില്ല. നിര്ദേശം ലംഘിക്കുന്നവര്ക്കെതിരെ കര്ശന നിയമനടപടിയെടുക്കാനാണ് തീരുമാനം.
യമുനോത്രിയില് നിന്നും ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്നാഥിലേക്കും ഒടുവില് ബദരീനാഥില് അവസാനിക്കുന്നതാണ് ചാര് ധാം യാത്ര. ഏപ്രില്-മെയ് മാസത്തില് തുടങ്ങി ഒക്ടോബര് നവംബര് മാസങ്ങളിലാണ് ചാര്ധാം തീര്ത്ഥാടന സമയം. ഇതിനകം 15 ലക്ഷത്തിലധികം തീര്ത്ഥാടകര് ചാര് ധാം തീര്ത്ഥാടനത്തിനായി രജിസ്റ്റര് ചെയ്തിട്ടുണ്ട്.