
നൂഹ്: ഹരിയാനയിലെ നൂഹിനടുത്തുള്ള കുണ്ടലി-മനേസർ-പൽവാൽ എക്സ്പ്രസ്വേയിൽ ബസിന് തീപിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽനിന്ന് തീർഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നൂഹ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. 10 ദിവസത്തെ തീർഥാടനയാത്രയ്ക്ക് പോയതായിരുന്നു ഇവര്. ബസിൽനിന്ന് പുകമണം ഉയർന്നതായി അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബസിൽനിന്ന് തീ ഉയരുന്നത് കണ്ട മോട്ടർ സൈക്കിൾ യാത്രികൻ ബസിനെ പിന്തുടർന്ന് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. ഡ്രൈവർ ബസ് നിർത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു.