
ന്യൂഡല്ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎക്കെതിരായ രാജ്യസഭാ എംപി സ്വാതി മാലിവാളിന്റെ ആരോപണത്തില് ഡല്ഹി പൊലീസിന്റെ തെളിവെടുപ്പ്. സംഘം കെജ്രിവാളിന്റെ വസതിയിലെത്തി. സ്വാതി മാലിവാളിനൊപ്പമാണ് പൊലീസ് എത്തിയത്. സംഭവം പുനരാവിഷ്കരിക്കാനാണ് ഡല്ഹി പൊലീസിന്റെ ശ്രമം.
കെജ്രിവാളിന്റെ വസതിയില് വെച്ച് പി എ ബിഭവ് കുമാര് മര്ദ്ദിച്ചെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. അഡിഷണല് ഡിസിപി അഞ്ജിത ചെപ്ലായയുടെ നേതൃത്വത്തില് നാലംഗ പൊലീസ് സംഘമാണ് കെജ്രിവാളിന്റെ വസതിയില് എത്തിയത്. അഞ്ച് ഫോറന്സിക് വിദ്ഗധരും സംഘത്തിനൊപ്പമുണ്ടായിരുന്നു. സംഘം വസതിയില് തെളിവെടുപ്പ് നടത്തുന്നതിനൊപ്പം സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
അതേസമയം സ്വാതിയുടെ ആരോപണങ്ങള് ആംആദ്മി പാര്ട്ടി തള്ളി. ബിജെപി ഗുഢാലോചനയാണ് പിന്നിലെന്ന് മന്ത്രി അതീഷി മര്ലേന പറഞ്ഞു. ക്രൂരമായി മര്ദ്ദനം നേരിട്ട സ്വാതി മാലിവാള് തനിക്ക് നടക്കാന് കഴിയുന്നില്ലെന്ന് പറയുമ്പോഴും സംഭവം നടന്ന ദിവസം അവര് സുഖമായി സോഫയില് ഇരുന്നു ഫോണ് ചെയ്യുന്നത് ദൃശ്യങ്ങളില് വ്യക്തമാണെന്ന് സൗരഭ് ഭരദ്വാജും എക്സിലൂടെ പ്രതികരിച്ചു. പൊലീസ് ആവശ്യപ്പെട്ടിട്ടും മെഡിക്കല് പരിശോധന നടത്താന് തിങ്കളാഴ്ച്ച സ്വാതി തയ്യാറായില്ലെന്നും സൗരഭ് പറഞ്ഞു.