
ന്യൂഡല്ഹി: ബീഹാറിലെ സീതാമാര്ഹിയില് ബിജെപി സീതാക്ഷേത്രം പണിയുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സീതാ ദേവിയുടെ ക്ഷേത്രം പണിയാൻ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഈ വർഷം ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ മോദി അധ്യക്ഷനായി മാസങ്ങൾക്ക് ശേഷമാണ് സീതാ ദേവിയുടെ ക്ഷേത്രത്തിനായുള്ള ഷായുടെ പ്രഖ്യാപനം.
'ഞങ്ങള്, വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ല. അയോധ്യയില് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമലല്ലയുടെ ക്ഷേത്രം പണിതു. സീതാ ദേവിയുടെ ജന്മസ്ഥലത്ത് സ്മാരകം പണിയുകയാണ് ഇനിയുള്ളത്. രാമക്ഷേത്രത്തില് നിന്ന് അകറ്റിനിര്ത്തിയവര്ക്ക് ഇത് ചെയ്യാന് കഴിയില്ല. എന്നാല് സീത ദേവിയുടെ ക്ഷേത്രം പണിയാന് കഴിയുമെങ്കില് അത് നരേന്ദ്ര മോദിയ്ക്കാണ്, അത് ബിജെപിയ്ക്കാണ്', അമിത് ഷാ പറഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ ബിഹാറിലെ 40 മണ്ഡലങ്ങളിൽപ്പെട്ട സീതാമർഹിയിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കും. റാലിയിൽ അമിത് ഷാ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവൻ ലാലു പ്രസാദിനെതിരെയും ആഞ്ഞടിച്ചു.
കെജ്രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി'അധികാര രാഷ്ട്രീയത്തിനായി, തൻ്റെ മകനെ മുഖ്യമന്ത്രിയാക്കാനായി പിന്നാക്കക്കാർക്കും ഏറ്റവും പിന്നാക്കക്കാർക്കും എതിരായി ജീവിതകാലം മുഴുവൻ ചെലവഴിച്ച കോൺഗ്രസ് പാർട്ടിയുടെ മടിയിൽ പോയി ലാലു യാദവ് ഇരുന്നു'വെന്നായിരുന്നു അമിത് ഷായുടെ വിമർശനം.
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് ഭാരതരത്ന നൽകുന്നതിനെക്കുറിച്ച് കോൺഗ്രസും ആർജെഡിയും ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അത് മോദി സർക്കാരാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു . ബീഹാറിന് വേണ്ടത് 'വികാസരാജ്' ആണ് എന്നും 'ജംഗിൾരാജ്' അല്ല എന്നും ഷാ കൂട്ടിച്ചേർത്തു.