വിവാഹ ആഘോഷങ്ങള്ക്കിടെ കുഞ്ഞിനെ കാറില് മറന്നു; മൂന്ന് വയസുകാരി ശ്വാസംമുട്ടി മരിച്ചു

രണ്ട് മണിക്കൂറിന് ശേഷമാണ് കുഞ്ഞ് തങ്ങള്ക്കൊപ്പമില്ലെന്ന് മാതാപിതാക്കള് മനസിലാക്കിയത്

dot image

കോട്ട: മൂന്ന് വയസുകാരി കാറിനുള്ളില് ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകള് ഗോര്വിക നഗര് ആണ് മരിച്ചത്. വിവാഹാഘോഷത്തില് പങ്കെടുക്കാനെത്തിയ മാതാപിതാക്കള് കുഞ്ഞിനെ കാറില് നിന്നെടുക്കാന് മറന്നതാണ് ദാരുണ സംഭവത്തിന് കാരണമായത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദീപ് നഗറും ഭാര്യയും രണ്ട് പെണ്മക്കള്ക്കൊപ്പമാണ് വിവാഹത്തിനെത്തിയത്. വിവാഹ വേദിക്ക് മുന്നിലെത്തിയതോടെ യുവതിയും മൂത്ത പെണ്കുട്ടിയും കാറില് നിന്നിറങ്ങി. തുടര്ന്ന് പ്രദീപ് കാര് പാര്ക്ക് ചെയ്യുന്നതിനായി പോയി. കുഞ്ഞ് അമ്മയ്ക്കൊപ്പം അകത്തേക്ക് പോയിട്ടുണ്ടാകുമെന്ന് കരുതിയ പിതാവ്, കാര് പാര്ക്ക് ചെയ്ത് പുറത്തിറങ്ങി ലോക്ക് ചെയ്ത് അകത്തേക്ക് പോവുകയായിരുന്നുവെന്ന് കട്ടോലി പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ബന്ന ലാല് പറഞ്ഞു.

കുഞ്ഞ് പിതാവിനൊപ്പം ഉണ്ടാകുമെന്നായിരുന്നു അമ്മ കരുതിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് കുഞ്ഞ് തങ്ങള്ക്കൊപ്പമില്ലെന്ന് മാതാപിതാക്കള് മനസിലാക്കിയത്. തുടര്ന്ന് കുഞ്ഞിനായി തെരച്ചില് ആരംഭിച്ചു. അന്വേഷണത്തിനൊടുവില് ബോധമറ്റ നിലയില് കാറിനുള്ളില് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില് കുഞ്ഞിന്റെ പോസ്റ്റ്മോര്ട്ടം നടത്താനും കേസ് ഫയല് ചെയ്യാനും കുടുംബം വിസമ്മതിച്ചതായി പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image