
May 23, 2025
12:33 PM
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കശ്മീരിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 370ാം അനുഛേദം പ്രചാരണ വിഷയമാകുമ്പോഴാണ് ബിജെപി സ്ഥാനാർത്ഥികളെ കളത്തിലിറക്കാതെയിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് നിലവിൽ നടക്കുന്നത്. ഇൻഡ്യ മുന്നണിയുടെ സഖ്യകക്ഷികളായ പിഡിപിയും നാഷണൽ കോൺഫറൻസും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.
ജമ്മുവിൽ രണ്ടും കശ്മീരിലെ മൂന്ന് മണ്ഡലങ്ങളുമുൾപ്പെടെ ആകെ അഞ്ച് മണ്ഡലങ്ങളുള്ള ഇവിടെ അഞ്ച് ഘട്ടങ്ങളായാണ് മത്സരം. കശ്മീരിൽ ബിജെപിക്ക് സ്വാധീനം കുറവാണ്. എങ്കിലും കഴിഞ്ഞ രണ്ട് തവണയും ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ഇത്തവണ പ്രാദേശിക പാർട്ടിയായ ജമ്മു കശ്മീർ അപ്നിദളിനെ അനൗദ്യോഗികമായി പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം. 2020 ൽ അൽതാഫ് ബുക്കാരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പാർട്ടിയാണ് അപ്നിദൾ. ദേശീയ തലത്തിൽ ബിജെപി കൊണ്ടുവന്ന നയങ്ങളുടെയും നടപടികളുടെയും വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നാണ് എതിർപാർട്ടികളുടെ പ്രചാരണം.
സീറ്റ് ചർച്ചയെ ചൊല്ലിയുണ്ടായ തർക്കത്തിൽ പിഡിപിയും നാഷണൽ കോൺഫറൻസും പരസ്പരം മത്സരിക്കാൻ തീരുമാനിച്ചതോടെ ജമ്മു കശ്മീരിൽ ഇൻഡ്യ മുന്നണിയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. തർക്കത്തിൽ നാഷണൽ കോൺഫറൻസിനെയാണ് കോൺഗ്രസ് പിന്തുണച്ചത്. അതുകൊണ്ടുതന്നെ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.