
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിലും പശ്ചിമ ബംഗാളിലും സംഘർഷം. ഉത്തർ പ്രദേശിൽ ബിജെപി കള്ളവോട്ട് ചെയ്യുന്നു എന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. നീതിക്ക് ഒപ്പം നിന്ന് ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണം എന്ന് മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളാണ് വിധി എഴുതുന്നത്. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ആന്ധ്ര പ്രദേശിൽ പരക്കെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിറ്റൂർ, കടപ്പ, അനന്തപൂർ, പൽനാട് ജില്ലകളിലെ വിവിധ ബൂത്തുകളിൽ വൈഎസ്ആർ കോൺഗ്രസ് - ടിഡിപി പ്രവർത്തകർ ഏറ്റുമുട്ടി. ചിറ്റൂരിൽ തട്ടിക്കൊണ്ട് പോയ ടിഡിപി പോളിംഗ് ഏജൻ്റുമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മോചിപ്പിച്ചു. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ വൈഎസ്ആർ കോൺഗ്രസ് എന്ന് ടിഡിപി ആരോപിച്ചു. പശ്ചിമ ബംഗാളിലെ ദുർഗാപൂരിലും ബിർഭുമിലും ടിഎംസി - ബിജെപി സംഘർഷം ഉണ്ടായി. ദുർഗാപൂരിൽ കേന്ദ്ര സേനയുടെ സഹായത്തോടെ ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ടിഎംസി ആരോപിച്ചു. ബിർഭുമിലൽ ബിജെപി സ്റ്റാൾ തകർത്തു. ഉത്തർ പ്രദേശിലെ പല ബൂത്തിലും ബിജെപി കള്ള വോട്ടുകൾ ചെയ്യുന്നതായി സമാജ്വാദി പാർട്ടി ആരോപിച്ചു. മൻസൂർഗഞ്ചിൽ വോട്ടിംഗ് മെഷീനിൽ തിരിമറി എന്നും എസ് പി ആരോപണം ഉയർത്തി. ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലത വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചത് വാക്ക് തർക്കത്തിൽ കലാശിച്ചു. ദുഷ്കരമായ സമയത്ത് കോൺഗ്രസ് നിങ്ങളോടൊപ്പമുണ്ടെന്ന് സോണിയ ഗാന്ധി വീഡിയോ സന്ദേശത്തിൽ വോട്ടർമാരെ ഓർമ്മിപ്പിച്ചു.
തെലങ്കാനയിലെ ജൂബിലി ഹിൽസ് ബൂത്തിൽ അല്ലു അർജുൻ അടക്കമുള്ള തെലുങ്ക് താരങ്ങൾ വോട്ട് രേഖപ്പെടുത്തി. കനത്ത ചൂട് പോളിംഗ് ശതമാനത്തെ ബാധിച്ചു എന്നാണ് സൂചന.അതേസമയം, നാളെ നാമനിർദ്ദേശപത്രിക നൽകുന്നതിന് മുന്നോടിയായി വാരണാസിയിൽ നരേന്ദ്ര മോദി ഇന്ന് വൈകിട്ട് റോഡ് ഷോ നടത്തും.
LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആന്ധ്രയിലും ബംഗാളിലും സംഘർഷം