
ചണ്ഡീഗഡ്: മൂന്ന് സ്വതന്ത്ര എംഎൽഎമാർ ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിക്ക് നൽകിയ പിന്തുണ പിൻവലിച്ചതിന് പിന്നാലെ മുൻ എംപിയും ഒബിസി നേതാവുമായ കൈലാഷോ സൈനി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ സാന്നിധ്യത്തിലാണ് കൈലാഷോ കോൺഗ്രസ് മെമ്പർഷിപ്പ് എടുത്തത്. സംസ്ഥാനത്തെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നും രണ്ട് തവണ എംപിയായ നേതാവാണ് കൈലാഷോ. 'മെയ് 25ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി സുശീൽ ഗുപ്തയ്ക്കായി താൻ പ്രചാരണം നടത്തുമെന്നും' കൈലാഷോ പറഞ്ഞു.
1998,1999 വർഷങ്ങളിൽ കുരുക്ഷേത്ര ലോക്സഭാ സീറ്റിൽ നിന്ന് യഥാക്രമം ഹരിയാന ലോക്ദൾ (രാഷ്ട്രീയ), ഇന്ത്യൻ നാഷണൽ ലോക്ദൾ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാന ലോക്ദൾ (രാഷ്ട്രീയ) എന്നായിരുന്നു ഐഎൻഎൽഡി നേരത്തെ അറിയപ്പെട്ടിരുന്നത്. കുരുക്ഷേത്രയിലെ ജില്ലാ പരിഷത്തിൻ്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ഹൂഡ മുഖ്യമന്ത്രിയായിരിക്കെ കൈലാഷോ കോൺഗ്രസിൽ ചേർന്നിരുന്നെങ്കിലും തുടർന്ന് നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ടിക്കറ്റിൽ പരാജയപ്പെതോടെ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ബിജെപിയിൽ ചേർന്നു.
എന്നാൽ ബിജെപിയിൽ ചേർന്നത് അബദ്ധമായിരുന്നവെന്നും പൊതു ജനക്ഷേമത്തെ കുറിച്ച് അവർക്ക് യാതൊരു വേവലാതിയുമില്ലെന്നും, കോൺഗ്രസാണ് ഞാൻ കണ്ടതിൽ വെച്ച് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്നും കോൺഗ്രസിൽ തിരിച്ചു വന്നതിന് പിന്നാലെ കൈലാഷോ മാധ്യമങ്ങളോട് പറഞ്ഞു.
നേതാക്കളെ വെട്ടി അധികാരത്തിലേറാൻ ഉപയോഗിച്ച ‘75 വയസ്സ്‘ ബൂമറാങ്ങാവുന്നു, പാളുമോ മോദി ഗ്യാരന്റി?