
ഡൽഹി: ദില്ലി മദ്യനയ അഴിമതിക്കേസിൽ കർശന നിർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യ കാലയളവിൽ അരവിന്ദ് കെജ്രിവാൾ സെക്രട്ടേറിയറ്റ് സന്ദർശിക്കരുതെന്നതാണ് നിർദ്ദേശങ്ങളിൽ പ്രധാനം. കേസിൽ തൻ്റെ പങ്കിനെ കുറിച്ച് കെജ്രിവാൾ സംസാരിക്കരുത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കരുത്. ഇടക്കാല ജാമ്യം കേസിലെ നിലപാട് ആയി കണക്കാക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അൻപതിനായിരം രൂപയുടെ ജാമ്യ ബോണ്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള് നിര്വഹിക്കുന്നതിന് വിലക്കുണ്ട്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്ത്തിരുന്നെങ്കിലും കോടതിയിൽ തിരിച്ചടി നേരിടുകയായിരുന്നു. ഇടക്കാല ജാമ്യം നല്കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില് കുറ്റപത്രം നല്കിയിരുന്നെങ്കിലും സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം അനുവദിക്കുകയായിരുന്നു.
അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയും ദേശീയ പാർട്ടി നേതാവുമാണ്. വലിയ കുറ്റമാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നതിൽ സംശമില്ല, പക്ഷേ അദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന് ക്രിമിനൽ പശ്ചാത്തലമില്ല. അദ്ദേഹം സമൂഹത്തിന് ഭീഷണിയല്ല - കോടതി നിരീക്ഷിച്ചു. ഒന്നര വർഷമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസ് റിപ്പോർട്ട് 2022 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്തത് മാർച്ച് 21 നാണ്. അദ്ദേഹം ഒന്നര വർഷം ഇവിടെ ഉണ്ടായിരുന്നു. കെജ്രിവാളിനെ നേരത്തെയോ തിരഞ്ഞെടുപ്പിന് ശേഷമോ അറസ്റ്റ് ചെയ്യാമായിരുന്നു, അത് രണ്ടും ഇവിടെ സംഭവിച്ചില്ലെന്നും കോടതി പറഞ്ഞു.
ഡല്ഹി മദ്യ നയത്തിൻ്റെ പേരില് അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് അരവിന്ദ് കെജ്രിവാള്. ഡല്ഹി മദ്യനയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയ, അരവിന്ദ് കെജ്രിവാള് എന്നിവർ കെ കവിതയുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. മനീഷ് സിസോദിയ, സജ്ഞയ് സിങ്, കെ കവിത എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.
അരവിന്ദ് കെജ്രിവാളിനെ 'ആപ്പിലാക്കിയ' ഡൽഹി മദ്യനയക്കേസ് എന്താണ്?