കെജ്രിവാളിനെ ആരതിയുഴിഞ്ഞ് അമ്മ; മാലയിട്ടും കെട്ടിപ്പിടിച്ചും സ്വീകരിച്ച് കുടുംബം

ആംആദ്മി പാർട്ടി പ്രവർത്തകരടങ്ങിയ വലിയ ജനക്കൂട്ടമാണ് കെജ്രിവാളിനെ സ്വാഗതം ചെയ്യാൻ തിഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയത്.

dot image

ഡൽഹി: ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് ജയിൽ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാലയിട്ടും കെട്ടിപ്പിടിച്ചും സ്വാഗതം ചെയ്ത് കുടുംബം. അമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് കെജ്രിവാൾ തിഹാർ ജയിലിൽ നിന്ന് പറത്തിറങ്ങിയത്. ആംആദ്മി പാർട്ടി പ്രവർത്തകരടങ്ങിയ വലിയ ജനക്കൂട്ടമാണ് കെജ്രിവാളിനെ സ്വാഗതം ചെയ്യാൻ തിഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയത്.

വീട്ടിലെത്തിയ അദ്ദേഹത്തെ ആംആദ്മി എംപി സഞ്ജയ് സിങ് ആലിംഗനം ചെയ്ത് സ്വീകരിച്ചു. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ കെജ്രിവാളിനെ സഞ്ജയ് സിങ് കെട്ടിപ്പിടിച്ചു. ആരതിയുഴിഞ്ഞും പൂമാലയണിയിച്ചുമാണ് അമ്മയും അച്ഛനും ഭാര്യ സുനിത കെജ്രിവാളും സ്വീകരിച്ചത്. വാതിൽക്കൽ തന്നെ അമ്മ കാത്തുനിൽപ്പുണ്ടായിരുന്നു. അമ്മയുടെയും അച്ഛന്റെയും കാൽ തൊട്ട് വന്ദിച്ച കെജ്രിവാൾ ഇരുവരെയും കെട്ടിപ്പിടിച്ചു. മാലയണിയിച്ചാണ് ഭാര്യ സുനിത കെജ്രിവാളിനെ സ്വാഗതം ചെയ്തത്.

നാളെ രാവിലെ 11 മണിക്ക് ഡൽഹിയിലെ കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും ജയിൽ മോചിതനായ ഉടൻ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വേഗം വരുമെന്ന് പറഞ്ഞില്ലേ, വന്നിരിക്കുന്നുവെന്നാണ് ജയിൽ മോചിതനാകുന്ന തന്നെ കാത്തിരുന്ന പ്രവർത്തകരോടുള്ള കെജ്രിവാളിന്റെ വാക്കുകൾ. ഹനുമാൻ സ്വാമിക്കും സുപ്രീം കോടതിക്കും നന്ദിയെന്ന് പറഞ്ഞ കെജ്രിവാൾ ഹനുമാൻ ചാലിസയും ചൊല്ലി. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം. 140 കോടി ജനങ്ങളും ഏകാധിപത്യത്തിനെതിരെ പോരാടണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷമാണ് കെജ്രിവാൾ തന്റെ വസതിയിലേക്ക് തിരിച്ചത്.

'സുപ്രീം കോടതിക്ക് നന്ദി'; ഹനുമാൻ ചാലിസ ചൊല്ലി കെജ്രിവാൾ, ഏകാധിപത്യത്തിനെതിരെ പോരാടാൻ ആഹ്വാനം
dot image
To advertise here,contact us
dot image