
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി മോദി വെറുപ്പിനെ പ്രോത്സാഹിച്ചു എന്ന് കോണ്ഗ്രസ് വിമര്ശിച്ചു. മൂന്നാം ഘട്ട തിരഞ്ഞെടുപ്പില് ജനം വിധിയെഴുതുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് സോണിയ ഗാന്ധി രംഗത്ത് വന്നത്.
രാജ്യത്ത് യുവാക്കള് തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള് അതിക്രമത്തിന് ഇരയാകുന്നു. ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നു. എന്ത് വില കൊടുത്തും അധികാരം നേടുന്നതില് മാത്രമാണ് മോദിയുടെയും ബിജെപിയുടെയും ശ്രദ്ധ. നല്ലൊരു ഭാവിക്കായി കോണ്ഗ്രസിന് വോട്ട് ചെയ്യണമെന്നും സോണിയ ഗാന്ധി അഭ്യർത്ഥിച്ചു.
ആരോഗ്യ പ്രശ്നങ്ങള് മൂലം തിരഞ്ഞെടുപ്പ് പ്രചാരണത്തില് സോണിയ ഗാന്ധി സജീവമായിരുന്നില്ല. രാജസ്ഥാനില് മാത്രമാണ് പൊതു റാലിയില് സോണിയ പങ്കെടുത്തത്. 1989 ന് ശേഷം ഏറ്റവും കുറവ് സീറ്റുകളില് കോണ്ഗ്രസ് മത്സരിക്കുന്നത് ഈ ലോക്സഭ തിരഞ്ഞെടുപ്പിലാണ്. 2019 ല് 421 സീറ്റുകളിലും, 2014 ല് 464 സീറ്റിലും മത്സരിച്ച പാര്ട്ടി ഇത്തവണ 328 സീറ്റിലാണ് പോരാട്ടം കാഴ്ച്ചവെയ്ക്കുന്നത്.