
അതിർവരമ്പുകൾ പിന്നിട്ട് രംഗണ്ണന്റെ കരിങ്കാളി യാത്ര ചെയ്യുകയാണ്. ചിരിയും ദേഷ്യവും ഒരേ സമയം മാറിമാറി വരുന്ന രംഗണ്ണന്റെ പ്രകടനം മുംബൈ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. രംഗണ്ണന്റെ മുഖഭാവം മാറുന്നതിനനുസരിച്ചുള്ള സുരക്ഷാ നിര്ദേശങ്ങളാണ് മുംബൈ പൊലീസിന്റെ സൈബര് പേജിൽ പങ്കുവെച്ച റീലില് കാണുന്നത്. മുംബൈ പൊലീസിന്റെ ഇന്സ്റ്റഗ്രാം പേജില് റീല് പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്റുകളാണ് വരുന്നത്.
''മുംബൈ പൊലീസിന്റെ സോഷ്യല് മീഡിയ മാനേജര് മലയാളി ആണോ'' എന്നും ''മുംബൈ പൊലീസിന്റെ പേജ് കേരള പൊലീസ് ഹാക്ക് ചെയ്തോ'' എന്നുമൊക്കെയാണ് കമന്റുകൾ. ഒരുകാലത്ത് ഇന്സ്റ്റഗ്രാമിലെ വൈറല് റീലായിരുന്നു ഇത്. ആവേശത്തിലെ കരിങ്കാളി വീണ്ടും ഹിറ്റായതോടെ നിരവധിപ്പേരാണ് റീലുകളുമായി രംഗത്തെത്തിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ്ഫാസിൽ ചിത്രം ആവേശം വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്.
അതേസമയം, ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെ ഒടിടിയിലേയ്ക്ക് എത്തുകയാണ്. മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.