പരേഡിലെ ഖലിസ്ഥാനി ഫ്ലോട്ട്: കാനഡയുടേത് അക്രമത്തെ ആഘോഷിക്കുന്ന നിലപാടാണെന്ന് ഇന്ത്യ

നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്ര സംഘടനകളുടെ ഭീഷണി അനുവദിക്കരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

dot image

ന്യൂഡൽഹി: കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സർക്കാർ അക്രമത്തെ ആഘോഷിക്കുകയും മഹത്വവൽക്കരിക്കുകയുമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്ര സംഘടനകളുടെ ഭീഷണി അനുവദിക്കരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

കഴിഞ്ഞ വർഷം കാനഡയിലെ മാൾട്ടണിൽ നടന്ന നഗർ കീർത്തന പരേഡിലെ ഫ്ലോട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രൺധീർ ജയ്സ്വാൾ. ഇന്ത്യന് രാഷ്ട്രീയ നേതൃത്വത്തിനെതിരെ കാനഡയിലെ തീവ്രവാദ ഘടകങ്ങൾ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”കഴിഞ്ഞ വർഷം, നമ്മുടെ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് ഒരു ഘോഷയാത്രയിൽ ഉപയോഗിച്ചിരുന്നു. കാനഡയിലുടനീളം ഇന്ത്യൻ നയതന്ത്രജ്ഞരുടെ പോസ്റ്ററുകൾ അവർക്കെതിരെ അക്രമം നടത്തുമെന്ന ഭീഷണിയോടെ പ്രദർശിപ്പിച്ചിട്ടുണ്ട്.” ജയ്സ്വാൾ പറഞ്ഞു. അക്രമത്തെ ആഘോഷിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിൻ്റെ ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന, ജനാധിപത്യ രാജ്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്ര ഘടകങ്ങളുടെ ഭീഷണി അനുവദിക്കരുത്" - രൺധീർ ജയ്സ്വാൾ പറഞ്ഞു.

കാനഡയിലെ ഞങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്, അവർക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ ഭയമില്ലാതെ നിർവഹിക്കാൻ കഴിയുന്ന സാഹചര്യം കാനഡ സർക്കാർ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനൽ, വിഘടനവാദ ഘടകങ്ങൾക്ക് ഇടം നൽകുന്നത് നിർത്താൻ കാനഡ സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.

dot image
To advertise here,contact us
dot image