
ബെംഗളൂരു: കര്ണ്ണാടകയിലെ ജെഡിഎസ് എംഎല്എ എച്ച് ഡി രേവണ്ണക്കെതിരെ ഇംഗ്ലണ്ടിലും ലൈംഗികാതിക്രമ പരാതിയുണ്ടായിരുന്നതായി വെളിപ്പെടുത്തല്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്കുട്ടിയെ തട്ടികൊണ്ടുപോയ കേസില് രേവണ്ണ ഇന്ന് അറസ്റ്റിലായതിനെ തുടര്ന്നാണ് പുതിയ വെളിപ്പെടുത്തല്. 30 വര്ഷം മുമ്പാണ് ഇംഗ്ലണ്ടിലെ ഒരു ഹോട്ടലില് വെച്ച് രേവണ്ണക്കതിരെ ഇത്തരമൊരു അതിക്രമ പരാതി ഉയര്ന്നതായി മുന് മാണ്ഡ്യ എംപി എം എല് ശിവരാമ ഗൗഡയുടെ വെളിപ്പെടുത്തല്. രേവണ്ണയുടെ പിതാവ് എ്ച്ച് ഡി ദേവഗൗഡ ഇന്ത്യന് പ്രധാനമന്ത്രി യിരിക്കുമ്പോഴായിരുന്നു സംഭവമെന്നും ശിവരാമ ഗൗഡ ആരോപിച്ചു.
താനും രേവണ്ണയും കുടുംബസമേതം ഇംഗ്ലണ്ടില് വിനോദയാത്രക്ക് പോയപ്പോഴായിരുന്നു സംഭവം. അന്ന് താമസിച്ചിരുന്ന ഹോട്ടലില് വെച്ചാണ് രേവണ്ണ ഇത്തരത്തിലൊരു ലൈംഗികാതിക്രമ പരാതിയില്പ്പെട്ടത്. തുടര്ന്ന് ഇദ്ദേഹത്തെ താമസിച്ച ഹോട്ടലില് നിന്ന് പുറത്താക്കി. നിലവില് രേവണ്ണയും മകന് പ്രജ്ജ്വല് രേവണ്ണയും ഉള്പ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അന്ന് ഇംഗ്ലണ്ടില് സംഭവിച്ചതിന്റെ തെളിവുകള് ശേഖരിക്കുമെന്നും ഇപ്പോള് ബിജെപി പക്ഷത്തുള്ള ഗൗഡ പറഞ്ഞു.
സംഭവത്തെ കുറിച്ച് കര്ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില് പരാമര്ശിച്ചിരുന്നു. 30 വര്ഷം മുമ്പ് രേവണ്ണ സംസ്ഥാന ഭവന മന്ത്രിയായിരുന്നപ്പോള് അദ്ദേഹത്തിനെതിരെ ഇംഗ്ലണ്ടിലെ ഹോട്ടലില് വെച്ച് ലൈംഗികാതിക്രമ പരാതി ഉയര്ന്നിരുന്നുവെന്നായിരുന്നു ശിവകുമാര് പറഞ്ഞത്. ഇതേതുടര്ന്നാണ് സംഭവത്തില് കൂടുതല് വെളിപ്പെടുത്തലുമായി ശിവരാമ ഗൗഡ രംഗത്തെത്തിയത്.