മണിപ്പൂരില് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: പൊലീസ് വീഴ്ച തുറന്നുകാട്ടി സിബിഐ കുറ്റപത്രം

വണ്ടി സ്റ്റാര്ട്ട് ചെയ്യാന് സ്ത്രീകള്ക്കൊപ്പം ഉണ്ടായിരുന്നയാള് പല തവണ അപേക്ഷിച്ചെങ്കിലും താക്കോല് ഇല്ലെന്നായിരുന്നു മറുപടി

മണിപ്പൂരില് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: പൊലീസ് വീഴ്ച തുറന്നുകാട്ടി സിബിഐ കുറ്റപത്രം
dot image

ന്യൂഡല്ഹി: മണിപ്പൂര് കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില് പൊലീസിന്റെ വീഴ്ച തുറന്നു കാട്ടി സിബിഐ. സഹായം തേടി പൊലീസ് വാഹനത്തിനടുത്ത് എത്തിയ ഇരകളെ പൊലീസ് സഹായിച്ചില്ല. വണ്ടിയുടെ താക്കോല് ഇല്ലെന്നായിരുന്നു പൊലീസുകാര് മറുപടി നല്കിയതെന്നും കുറ്റപത്രത്തില് പറയുന്നു. ആരോപണ വിധേയരായ മുഴുവന് പൊലീസുകാര്ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മണിപ്പൂര് ഡിജിപിയുടെ വിശദീകരണം.

മണിപ്പൂര് കലാപത്തിനിടെ ചുരാചന്ദ്പൂര് ജില്ലയില് കഴിഞ്ഞ മെയ് മാസം 2 കുംകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച അധ്യായമായിരുന്നു. രാജ്യ വ്യാപക പ്രതിഷേധങ്ങള്ക്ക് വഴിയൊരുക്കിയ കേസില് പ്രായ പൂര്ത്തിയാകാത്ത ഒരാളടക്കം ഏഴ് പേരെ പ്രതികളാക്കി 2023 ഒക്ടോബറില് തന്നെ സിബിഐ കുറ്റപത്രം സമര്പ്പിച്ചു. ഇതിലാണ് മണിപ്പൂര് പൊലീസിനെതിരായ ഗുരുതര പരാമര്ശങ്ങള് ഉള്ളത്.

കലാപകാരികള് പിടികൂടി നഗ്നരാക്കും മുന്പ് ഇരുപതും നാല്പതും വയസുള്ള ഈ രണ്ട് സ്ത്രീകളും ഒരു പുരുഷനും സഹായം തേടി മെയിന് റോഡിന് സമീപത്ത് നിര്ത്തിയിട്ട പൊലീസ് വാഹനത്തില് ഓടിക്കയറിയിരുന്നു. വാഹനത്തിന് അകത്തും പുറത്തുമായി ഏഴ് പൊലീസുകാര് ഉണ്ടായിരുന്നു. വണ്ടി സ്റ്റാര്ട്ട് ചെയ്യാന് സ്ത്രീകള്ക്കൊപ്പം ഉണ്ടായിരുന്നയാള് പല തവണ അപേക്ഷിച്ചെങ്കിലും താക്കോല് ഇല്ലെന്നായിരുന്നു ഡ്രൈവറിന്റെ മറുപടി. പിന്നീട് ഇതേവാഹനം തന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിര്ത്തി പൊലീസുകാര് കടന്നു കളഞ്ഞു. തുടര്ന്നാണ് സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്.

മെയ്തെയ് ആക്രമണത്തെ തുടര്ന്ന് ഇരയാക്കപ്പെട്ട ഈ സ്ത്രീകള് ഉള്പ്പെടെ എട്ടോളം പേര് ഗ്രാമത്തില് നിന്ന് ഓടി കാട്ടിനുള്ളില് ഒളിച്ചു. അവിടെ നിന്നാണ് കലാപകാരികള് ഇവരെ പിടികൂടി മെയിന് റോഡിന് സമീപത്തേക്ക് കൊണ്ടുവന്നതെന്നും കുറ്റപത്രത്തില് വ്യക്തമാക്കുന്നു. ആരോപണ വിധേയരായ പൊലീസുകാര്ക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചതായി മണിപ്പൂര് ഡിജിപി രാജീവ് സിംഗ് അറിയിച്ചു. എന്നാല് ഇവര്ക്കെതിരെ ക്രിമിനല് കേസ് എടുത്തിട്ടില്ല. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നായിരുന്നു ഡിജിപിയുടെ മറുപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us