
ന്യൂഡല്ഹി: തന്റെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് യൂട്യൂബര് ധ്രുവ് റാഠി. തന്റെ ഭാര്യ പാക്കിസ്ഥാനിയാണെന്നാണ് ഇപ്പോള് പ്രചാരണം നടക്കുന്നത്. എന്നാല് ഇത് വ്യാജമാണ്. തന്റെ ഭാര്യ ജര്മന്കാരിയാണ്. മറിച്ചുള്ള പ്രചാരണമെല്ലാം വ്യാജമാണെന്നും അദ്ദേഹം ഇന്സ്റ്റഗ്രാമിലെ പോസ്റ്റില് പങ്കുവെച്ചു. പ്രചരിക്കുന്ന കാര്ഡുകളും പോസ്റ്റില് അദ്ദേഹം പങ്കുവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ അടിസ്ഥാന ചര്ച്ചകള് ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിച്ച യൂട്യൂബറാണ് ധ്രുവ് റാഠി.
ബിജെപിയുടെ മുഖ്യപ്രതിപക്ഷ നാവായാണ് അദ്ദേഹത്തിന്റെ പല വീഡിയോകളും സംസാരിച്ചത്. ഫെബ്രുവരി 22ന് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത 'ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരാണ്. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള് പങ്ക് വെക്കാന് ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ കുടുംത്തിനെതിരെ സൈബര് അക്രമണമെന്ന പരാതി ഉയര്ന്നിരിക്കുന്നത്.
ഞാന് ചെയ്ത വീഡിയോകള്ക്ക് ചിലര്ക്ക് മറുപടിയില്ലെന്നും അതിനാലാണ് ഇത്തരം വ്യാജപ്രചരണങ്ങളുമായെത്തുന്നതെന്ന് അദ്ദേഹം പോസ്റ്റില് പങ്കുവെച്ചു. എന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കാന് ഇതിനുപിന്നില് പ്രവര്ത്തിച്ചവര് ഏത്രമാത്രം നിരാശരായിരിക്കണം. ഇത്തരം പ്രചരണം നടത്തുന്നവര്ക്ക് നിലവാരം കുറഞ്ഞ സദാചാര ബോധവും കാണാമെന്ന് ധ്രുവ് റാഠി കുറിച്ചു.