ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്; ജീവനൊടുക്കിയതാണെന്ന് നിഗമനം

കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു

dot image

ചെന്നൈ: സെൻട്രൽ റെയിൽവേ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ നിഗമനം. കോയമ്പത്തൂരിൽ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. യുവതിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിൻ്റെ കൈപിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. യുവതി തൂങ്ങിയ കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. രേഷ്മയുടെ ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച സ്റ്റേഷനിൽ എത്തിയ രേഷ്മ പുലർച്ചെ പ്രവേശനമില്ലാത്ത മുറിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. സുരക്ഷാ മുറിയിലേക്ക് രേഷ്മയ്ക്ക് എങ്ങനെ കടക്കാനായി എന്നതിനെ കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ മാസം മാതാവ് മരിച്ചത് മുതൽ കടുത്ത വിഷാദത്തിലായിരുന്നു രേഷ്മ എന്നാണ് വിവിരം.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image