ഇ പി ജയരാജനെ കണ്ടിരിക്കാം, അതെന്താ കുറ്റകൃത്യമാണോ?; പ്രകാശ് ജാവദേക്കര്

'ജയരാജനെ കണ്ടു എന്ന് ശോഭ സുരേന്ദ്രന് പറഞ്ഞോ?, ഞാന് ആരെയാണ് കാണുന്നത് അല്ലെങ്കില് സംസാരിക്കുന്നത് എന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം'

dot image

ന്യൂഡല്ഹി: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന് ചര്ച്ച നടത്തിയെന്ന വിവാദത്തിനിടെ വിഷയത്തില് പ്രതികരണവുമായി പ്രകാശ് ജാവദേക്കര്. ഇ പി ജയരാജനെ കണ്ടിരിക്കാം, അതെന്താ കുറ്റകൃത്യമാണോ എന്ന് അദ്ദേഹം 'ദി ന്യൂ ഇന്ത്യന് എക്സ്പ്രസ്സി'ന് നല്കിയ പ്രതികരണത്തില് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളില് എന്താണ് തെറ്റെന്നും ജാവദേക്കര് ചോദിച്ചു. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്ത്ഥി ശോഭാ സുരേന്ദ്രന് ജാവദേക്കറിന്റെ പേര് പറഞ്ഞില്ലെങ്കിലും ജയരാജന് ബിജെപിയുമായി ചര്ച്ച നടത്തിയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില് 'ജയരാജനെ കണ്ടു എന്ന് ശോഭ പറഞ്ഞോ?, ഞാന് ആരെയാണ് കാണുന്നത് അല്ലെങ്കില് സംസാരിക്കുന്നത് എന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം' എന്നും ജാവേദ്ക്കര് ചോദിച്ചു.

കൂടാതെ എല്ഡിഎഫ് കണ്വീനറുടെ മകന്റെ വീട്ടില് ചായകുടിക്കാനാണോ പോയത് എന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ചും ജാവദേക്കര് പ്രതികരിച്ചു. 'ഞങ്ങള് അദ്ദേഹത്തിന്റെ മണ്ഡലത്തിലോ വിമാനത്താവളത്തിലോ പാര്ലമെന്റിലോ കണ്ടുമുട്ടിയിരിക്കാം. ഞാന് ഒരുപാട് ആളുകളെ കണ്ടുമുട്ടാറുണ്ട്. ശശി തരൂരുമായോ മറ്റ് രാഷ്ട്രീയ നേതാക്കളുമായോ ഞാന് ഭക്ഷണം കഴിച്ചിരിക്കാം. അതൊരു കുറ്റമാണോ, അതിലെന്താണ് തെറ്റെന്നും' ജാവദേക്കര് പ്രതികരിച്ചു. വിഷയത്തില് കൂടുതല് പ്രതികരണത്തിനില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സാന്നിധ്യത്തില് പ്രകാശ് ജാവദേക്കര് ഇ പി ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാള് നന്ദകുമാറിന്റെ വെളിപ്പെടുത്തല്. തൃശ്ശൂരില് ഇടതുമുന്നണി സഹായിച്ചാല് ബിജെപിക്ക് അക്കൗണ്ട് തുറക്കാന് കഴിയുമെന്ന് ജാവദേക്കര് ജയരാജനോട് പറഞ്ഞു. പകരം ലാവലിന് കേസ്, സ്വര്ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില് ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തു. എന്നാല്, ജയരാജന് സമ്മതിച്ചില്ലെന്നുമായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തല്. വിഷയം വിവാദമായതോടെ തന്നെ മകന്റെ വീട്ടില് വന്ന് ജാവദേക്കര് കണ്ടിരുന്നുവെന്ന് ജയരാജനും സമ്മതിച്ചു.

മകന്റെ കുട്ടിയുടെ പിറന്നാള് ദിവസമാണ് വന്നു കണ്ടത്. ഇതുവഴി പോയപ്പോള് കയറിയെന്നായിരുന്നു പറഞ്ഞത്. രാഷ്ട്രീയം സംസാരിക്കാന് താല്പര്യമില്ലെന്ന് താന് അവരെ അറിയിച്ചുവെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിനത്തില് നടന്ന ജയരാജന്റെ വെളിപ്പെടുത്തല് വലിയ ചര്ച്ചയായി. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില് തിങ്കളാഴ്ച്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് വിശദമായ ചര്ച്ച നടക്കും.

dot image
To advertise here,contact us
dot image