അജ്മീറിൽ പള്ളിയിൽ കയറി കുട്ടികൾക്ക് മുന്നിൽ വെച്ച് ഇമാമിനെ അടിച്ചു കൊന്നു; പിന്നിൽ മുഖംമൂടി സംഘം

രാജസ്ഥാനിലെ അജ്മീറിലുള്ള മൊഹമ്മദി മസ്ജിദ് ഇമാമിനെ പള്ളിക്കുള്ളിൽ വെച്ച് കൊലപ്പെടുത്തി മൂവർ സംഘം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം

dot image

അജ്മീർ: രാജസ്ഥാനിലെ അജ്മീറിലുള്ള മൊഹമ്മദി മസ്ജിദ് ഇമാമിനെ പള്ളിക്കുള്ളിൽ വെച്ച് കൊലപ്പെടുത്തി മൂവർ സംഘം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പള്ളിക്കുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് മൗലാന മുഹമ്മദ് മാഹിറിനെ കണ്ടതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അജ്മീറിലെ ജെഎൽഎൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രാംഗഞ്ച് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഹമ്മദ് മാഹിർ കുട്ടികളുമായി മസ്ജിദിന് സമീപമുള്ള മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് രാംഗഞ്ച് പോലീസ് പറഞ്ഞു. മുഖംമൂടി ധരിച്ച മൂന്ന് പേർ പുലർച്ചെ മുറിയിലേക്ക് ഇരച്ചുകയറി അദ്ദേഹത്തെ വടികൊണ്ട് മര്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ എണീറ്റെങ്കിലും ബഹളം വയ്ക്കാതിരിക്കാൻ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇമാമിനെ തല്ലി പരുക്കേല്പിച്ച ശേഷം അവർ തിരികെ പോയപ്പോഴാണ് കുട്ടികൾക്കു മറ്റുള്ളവരെ വിളിച്ചറിയിക്കാൻ സാധിച്ചതെന്നും പോലീസ് പറയുന്നു.

ഉത്തർപ്രദേശിലെ രാംപുർ സ്വദേശിയാണ് കൊല്ലപ്പെട്ട ഇമാം. ബഹളം വച്ചാൽ കൊന്നുകളയുമെന്ന് തങ്ങളെയും ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പോലീസിനോട് പറഞ്ഞു. പ്രതികൾ പള്ളിയുടെ പിൻവാതിലൂടെയാണ് അകത്ത് പ്രവേശിച്ചതും കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇമാമിന്റെ ഫോണും അക്രമി സംഘം കൊണ്ടുപോയി.

പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ഇമാമിനെ തല്ലാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ട് വടികൾ മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്. സംഭവം പ്രദേശവാസികളെ ഭയചകിതരാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും അവർ ഉന്നയിച്ചു.

'കല്യാണങ്ങളിൽ മൂലയിലിരുന്ന് അസംബന്ധം പറയുന്ന' അമ്മാവനാണ് മോദി; മോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
dot image
To advertise here,contact us
dot image