
ന്യൂഡല്ഹി: തമിഴ്നാട്ടില് ബിഹാറി കുടിയേറ്റക്കാര്ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിക്കുന്ന വ്യാജവീഡിയോകള് പങ്കുവെച്ച കേസില് അറസ്റ്റിലായ യൂട്യൂബര് മനീഷ് കശ്യപ് ബിജെപിയില് ചേര്ന്നു. ഡല്ഹിയില്നിന്നുള്ള എം.പിയും നോര്ത്ത്ഈസ്റ്റ് ഡല്ഹിയിലെ ബിജെപി സ്ഥാനാര്ഥിയുമായ മനോജ് തിവാരിയുടെ നേതൃത്വത്തില് മനോജ് കശ്യപിനെ പാര്ട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്ട്ടിയില് ചേരാന് അമ്മ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മനീഷ് പ്രതികരിച്ചു.
മനോജ് തിവാരി ഇടപെട്ടാണ് തനിക്ക് ജയിലില്മോചനം സാധ്യമായത്. അതുകൊണ്ട് ഞാന് ബിജെപിയില് ചേര്ന്നു. ദേശീയസുരക്ഷാനിയമം ചുമത്തി എനിക്കെതിരെ കേസെടുത്തു. എന്നാല്, ഇപ്പോള് ജാമ്യം ലഭിച്ചുവെന്ന് മാത്രമല്ല, തനിക്കെതിരായ കുറ്റങ്ങള് ഒഴിവാക്കുകയും ചെയ്തു. സനാതനത്തെ അപകീര്ത്തിപ്പെടുത്താന് ശ്രമിക്കുന്നവര്ക്കെതിരെ എന്റെ പോരാട്ടം തുടരും', മനീഷ് പറഞ്ഞു.
തമിഴ്നാട്ടിലെ ബിഹാറില്നിന്നുള്ള കുടിയേറ്റ തൊഴിലാളികള്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നുവെന്ന് ആരോപിക്കുന്ന വ്യാജ വീഡിയോകള് പ്രചരിപ്പിച്ച കേസിലാണ് മനീഷ് കശ്യപിനെ അറസ്റ്റ് ചെയ്തത്. ബിഹാറില്നിന്ന് അറസ്റ്റ് ചെയ്ത മനീഷിനെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോവുകയും മധുരയിലെ ജയിലില് മാസങ്ങളോളം തുടരുകയുംചെയ്തു. പിന്നീട് കഴിഞ്ഞവര്ഷം ഡിസംബറില് ജാമ്യം ലഭിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണായി മമിത വോട്ട് തേടി; വോട്ടർ ലിസ്റ്റിൽ പക്ഷെ പേരില്ല