
/topnews/national/2024/04/17/rajnath-singh-seeks-congresss-stand-on-nuclear-dismantling-proposed-in-cpim-election-manifesto
കാസർകോട്: ഭരണത്തിലെത്തിയാൽ ഇന്ത്യയുടെ ആണവ നിരായുധീകരണം നടപ്പിലാക്കുമെന്ന സിപിഐഎമ്മിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം ഏറ്റെടുത്ത് കോൺഗ്രസിനെ കുടുക്കാൻ ബിജെപി. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാടെന്താണെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചോദിക്കുന്നത്. സിപിഐഎം മുന്നോട്ട് വയ്ക്കുന്ന ഈ വാഗ്ദാനം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് രാജ്നാഥ് സിങ് കോൺഗ്രസിനോട് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇന്ത്യയുടെ ആണവായുധ ശേഖരം നിരായുധീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ശക്തിയെ ദുർബലപ്പെടുത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കാസർകോട് ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളുടെ ആണവശേഷി കണക്കിലെടുക്കുമ്പോൾ ആണവായുധങ്ങൾ ഉപേക്ഷിക്കുന്നത് രാജ്യത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ രാമനവമി ആഘോഷിക്കുന്നതിൽ സിപിഐഎമ്മിനും കോൺഗ്രസിനും എതിർപ്പാണെന്നും ശ്രീരാമൻ്റെ പ്രാധാന്യം അവർ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ് രാജ്യത്തെ തുരങ്കം വയ്ക്കാനുള്ള ഇടതുപക്ഷത്തിൻ്റെയും കോൺഗ്രസിൻ്റെയും യോജിച്ച ശ്രമമാണിതെല്ലാമെന്നും ആരോപിച്ചു.