
/topnews/national/2024/04/16/case-against-pathajnali-supreme-court-will-consider-today-baba-ramdev-may-appear
ന്യൂഡൽഹി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കടുത്ത വിമർശനമാണ് കോടതി ഉയർത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്കത കാണിക്കാൻ തയാറല്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി രാംദേവിൻ്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു. പത്ജ്ഞലിയുടെ കാര്യത്തില് ഉത്തരാഖണ്ഡ് സര്ക്കാര് മനഃപ്പൂര്വ്വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേസിൽ ബാബ രാംദേവ് ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതി നിർദ്ദേശം.
നേരത്തെ പതജ്ഞലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി അറിയില്ലെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ബാബ രാംദേവ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്ഷമാപണത്തിൽ തങ്ങൾ തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ദിവസം രാംദേവിനെ അറിയിച്ചിരുന്നു. കൂടുതൽ വിചാരണ ആവശ്യത്തിന് നേരിട്ട് ഹാജരാകാനും നിർദേശിച്ചിരുന്നു.
കോടതിൽ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തി സമർപ്പിച്ച സത്യവാങ്മൂലം കോടതിയിലെത്തും മുമ്പ് മാധ്യമങ്ങളുടെ കയ്യിലെത്തിയത് കോടതിയെ ചൊടിപ്പിച്ചിരുന്നു. കോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം എങ്ങനെയാണ് മാധ്യമങ്ങളുടെ കയ്യിലെത്തിയതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കോടതിയലക്ഷ്യ കേസിനെ നിസാരമായി കണ്ടാൽ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. 2021 ൽ പതജ്ഞലിക്കെതിരെയുള്ള പൊതു താല്പര്യ ഹർജിയിൽ പരസ്യങ്ങളിൽ തെറ്റിദ്ധാരണ വരുത്തുന്ന വിവരങ്ങൾ ഉൾപ്പെടുത്തില്ലെന്നും ഔഷധഗുണമുള്ളതായി അവകാശപ്പെടുന്ന യാദൃശ്ചികമായ പ്രസ്താവനകൾ ഉണ്ടാകില്ലെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലഘിച്ചതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസാണ് പതഞ്ജലിയും ബാബ രാംദേവും ഇപ്പോൾ നേരിടുന്നത്.
വീണ്ടും മാപ്പ് അപേക്ഷിച്ച് രാംദേവ്,കള്ള സത്യവാങ്മൂലമെന്ന് കോടതി; പരസ്യ കേസില് പതഞ്ജലിക്ക് തിരിച്ചടി