തിരഞ്ഞെടുപ്പ് കാലത്തെ പരിശോധനയിൽ 2069 കോടിയുടെ മയക്കുമരുന്ന് പിടികൂടി; ആകെ പിടികൂടിയത് 4650 കോടി

മാര്ച്ച് ഒന്നു മുതല് ഓരോ ദിവസവും ഏകദേശം 100 കോടിയുടെ കണ്ടുകെട്ടലുകള് നടക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്

dot image

ന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2069 കോടിയുടെ മയക്കുമരുന്ന് ഉള്പ്പെടെ 4,650 കോടി പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 2019ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് പിടിച്ചെടുത്ത 3,475 കോടി രൂപയേക്കാള് കൂടുതലാണ് മാര്ച്ച് ഒന്നു മുതലുള്ള ഈ വര്ഷത്തെ കണ്ടുകെട്ടലുകള്. മാര്ച്ച് ഒന്നു മുതല് ഓരോ ദിവസവും ഏകദേശം 100 കോടിയുടെ കണ്ടുകെട്ടലുകള് നടക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

അനധികൃതമായി സൂക്ഷിച്ച 489 കോടിയുടെ മദ്യവും ഇക്കൂട്ടത്തിലുണ്ട്. പിടികൂടിയവയില് 45 ശതമാനവും മയക്കുമരുന്നാണ് എന്നത് ശ്രദ്ധേയമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ് കുമാര് പറഞ്ഞു. കള്ളപ്പണത്തിന്റെ അമിത ഇടപാടുകളും ഇക്കുറി കൂടുതല് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി, ഗുജറാത്ത്, പഞ്ചാബ്, മണിപ്പൂര്, നാഗാലാന്ഡ്, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയില് കാര്യമായ പിടിച്ചെടുക്കലുകള് നടന്നിട്ടുണെന്ന് രാജീവ് കുമാര് പറഞ്ഞു.

പ്രമുഖ നേതാക്കളുടെ വാഹനങ്ങള് പരിശോധിക്കാൻ തയ്യാറാകാത്തത് അടക്കം അവരുടെ ചുമതലകള് പാലിക്കുന്നതില് അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നതുമടക്കമുള്ള നടപടി സ്വീകരിക്കുന്നത് ഉറപ്പാക്കും. പ്രചാരണത്തില് രാഷ്ട്രീയക്കാരെ സഹായിക്കുന്നതായി കണ്ടെത്തിയ 106 സര്ക്കാര് ഉദ്യോഗസ്ഥര്ക്കെതിരെയും കമ്മീഷന് നടപടി സ്വീകരിച്ചു. തിരരഞ്ഞെടുപ്പിന് മുന്നോടിയായി എയര്ഫീല്ഡുകളിലും ഹെലിപാഡുകളിലും കര്ശന നിരീക്ഷണം നടത്താന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകളോടും പൊലീസ് സൂപ്രണ്ടുമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് കുമാര് അറിയിച്ചു.

dot image
To advertise here,contact us
dot image