
/topnews/national/2024/04/15/delhi-liquor-policy-corruption-case-arvind-kejriwal-gets-another-blow-judicial-custody-extended
ന്യൂഡൽഹി: ഡല്ഹി മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 23 വരെയാണ് കോടതി കസ്റ്റഡി നീട്ടിയത്. ഡൽഹി റൗസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിനെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസികൾ വഴി തന്നെയും പാർട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്രിവാളിന്റെ വാദം കോടതി തള്ളി. ഇതേ വിഷയം പറഞ്ഞു സുപ്രീം കോടതിയിൽ കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മറുപടി നല്കാന് ഇഡിക്ക് രണ്ടാഴ്ച സാവകാശം നൽകിയതായും കോടതി അറിയിച്ചു.
കൂട്ടുപ്രതിയായ കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡിയും ഏപ്രിൽ 23 വരെ നീട്ടിയതായി ഉത്തരവ് പാസാക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. ആം ആദ്മി പാർട്ടിയുടെ ജനപ്രിയ മുഖം ജയിലിൽ തുടരുന്നത് പാർട്ടിയുടെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ തിരിച്ചടിയാകും.
അതേസമയം തിഹാർ ജയിൽ ഭരണകൂടം തലസ്ഥാനത്തെ മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെ കൊടും ക്രിമിനലുകളായിട്ടാണ് കണക്കാക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആരോപിച്ചു. തിങ്കളാഴ്ച ഡൽഹി മുഖ്യമന്ത്രിയെ ജയിലിൽ സന്ദർശിച്ച ശേഷം, കൊടും കുറ്റവാളികൾക്കുപോലും നൽകുന്ന സൗകര്യങ്ങൾ എഎപി മേധാവിക്ക് നൽകുന്നില്ലെന്ന് മൻ ആരോപിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടിയുടെയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു .
ഏപ്രിൽ 9 ന് ഡൽഹി ഹൈക്കോടതി ആം ആദ്മി പാർട്ടി കൺവീനറുടെ അറസ്റ്റ് ശരിവച്ചിരുന്നു. കെജ്രിവാൾ ഒമ്പത് സമൻസുകൾ ഒഴിവാക്കുകയും അന്വേഷണത്തിൽ ചേരാൻ വിസമ്മതിക്കുകയും ചെയ്തതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു. 2021-22 ലെ ഡൽഹി സർക്കാരിൻ്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ഇഡി ആരോപണം. അദ്ദേഹത്തിൻ്റെ മറ്റ് സഹപ്രവർത്തകരായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരും ഇതേ കേസിൽ ജയിലിലാണ്. ഈ മാസം ആദ്യം, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് ശേഷം പുറത്തിറങ്ങിയിരുന്നു. കേസ് ഏപ്രിൽ 29 ന് കോടതി കേസിൽ വീണ്ടും വാദം കേൾക്കും.