
/topnews/national/2024/04/13/bjp-will-lose-money-tied-up-in-kashmirif-notmy-political-jorney-will-stop-omar-abdullah
ശ്രീനഗർ : കശ്മീരിൽ ബിജെപിയെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രിയും ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. ദേശീയ പാർട്ടിയായ ബിജെപിയ്ക്ക് കശ്മീരിൽ കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ചെയ്ത വികസനത്തിലും അവകാശ വാദത്തിലും വിശ്വാസമുണ്ടെങ്കിൽ കശ്മീർ താഴ്വരയിലെ മൂന്ന് സീറ്റുകളിൽ ബിജെപി സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബാരാമുള്ളയിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയായി അബ്ദുള്ളയും ശ്രീനഗറിൽ ഷിയാ നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും ജമ്മു കശ്മീർ നാഷണൽ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഒമർ അബ്ദുള്ള പറഞ്ഞു. എൻസിയും പിഡിപിയും കോൺഗ്രസും കശ്മീരിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറയുന്ന ബിജെപി സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാവണമെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ വിമർശനം.
ബിജെപി ജനറൽ സെക്രട്ടറിയും ജമ്മു കശ്മീരിൻ്റെ ചുമതലയുമുള്ള തരുൺ ചുഗും അപ്നി പാർട്ടി തലവൻ അൽതാഫ് ബുഖാരിയും തമ്മിലുള്ള കൂടി കാഴ്ച്ചയെ സീറ്റ് കച്ചവടമെന്നാണ് ഒമർ അബ്ദുള്ള വിളിച്ചത്. നേരിട്ട് ഏറ്റ് മുട്ടാൻ ഭയക്കുന്ന ബിജെപി ബി ടീമുകളെ ഇറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തവണ ഒമർ അബ്ദുള്ളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസും കോൺഗ്രസും പിഡിപിയും ഒരുമിച്ച് സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്.