
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദിക് പാണ്ഡ്യയെയും സഹോദരന് ക്രുണാല് പാണ്ഡ്യയെയും വഞ്ചിച്ച് പണം തട്ടിയെന്ന കേസില് അര്ദ്ധ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4.3 കോടിരൂപ തട്ടിയെന്ന പരാതിയില് ഇവരുടെ അര്ദ്ധ സഹോദരന് വൈഭവ് പാണ്ഡ്യയൊയാണ് അറസ്റ്റ് ചെയ്തത്. ഹാര്ദിക്കിന്റെയും സഹോദരന്റെയും പരാതിയില് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
2021ല് വൈഭവ്, പാണ്ഡ്യസഹോദരന്മാരുടെ പങ്കാളിത്തത്തോടെ പോളിമര് കമ്പനി ആരംഭിച്ചിരുന്നു. 40 ശതമാനം മൂലധനം പാണ്ഡ്യസഹോദരങ്ങളും 20 ശതമാനം മൂലധനം വൈഭവും നിക്ഷേപിക്കുമെന്നായിരുന്നു വ്യവസ്ഥ. ലാഭവിഹിതവും ഇതേ അനുപാതത്തിലായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്, പങ്കാളിത്ത കരാറിലെ വ്യവസ്ഥകള് ലംഘിച്ച് വൈഭവ് ബിസിനസില്നിന്ന് കമ്പനിക്കുണ്ടായ ലാഭം ഒരു പ്രത്യേക സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി.
4.3 കോടി ഇത്തരത്തില് മാറ്റി പാണ്ഡ്യ സഹോദരന്മാരെ വഞ്ചിച്ചെന്നാണ് പരാതി. തട്ടിപ്പ്, വ്യാജരേഖചമയ്ക്കല്, ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം തുടങ്ങിയ കുറ്റങ്ങള് ചുമത്തി അറസ്റ്റുചെയ്ത വൈഭവിനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്വിട്ടു.