
രാജ്യം തിരഞ്ഞെടുപ്പ് ചൂടിലമര്ന്നു കഴിഞ്ഞു. വാദപ്രതിവാദങ്ങളും പ്രചാരണങ്ങളുമായി മുന്നണികളെല്ലാം സജീവമാണ്. ഏപ്രില് 19 മുതല് ജൂണ് 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യം ഇത്തവണ വിധിയെഴുതുന്നത്. രണ്ടാം ഘട്ടത്തില് വോട്ടിങ് ബൂത്തിലെത്തുന്ന കേരളത്തില് സ്ഥാനാര്ത്ഥികളെ സംബന്ധിച്ച് അന്തിമ രൂപവുമായിക്കഴിഞ്ഞു. 543 സീറ്റുകളുള്ള ലോക്സഭയില് 400ല് അധികം സീറ്റുകളുമായി അധികാരത്തില് വരുമെന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ മുന്നണിയുടെ അവാകാശവാദമെങ്കില് ഇതിനെ അരയും തലയും മുറുക്കി പ്രതിരോധിക്കുന്നുണ്ട് പ്രതിപക്ഷ പാര്ട്ടികള്. എന്നാല് ലോക്സഭയില് ഒരു പാര്ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലെങ്കില് എന്തായിരിക്കും സംഭവിക്കുക? പാര്ലമെന്റിന്റെ ഭാവി എന്തായിരിക്കും? പരിശോധിക്കാം.
543 സീറ്റുകളുള്ള ലോക്സഭയിലുള്ളത്. രണ്ട് നോമിനേറ്റഡ് അംഗങ്ങള് കൂടിയാകുന്നതോടെ ഇത് 545 ആകും. ഒരു പാര്ട്ടിക്കോ മുന്നണിക്കോ ലോക്സഭയില് ഭൂരിപക്ഷം ലഭിക്കണമെങ്കില് കുറഞ്ഞത് 272 സീറ്റുകളാണ് വേണ്ടത്. തിരഞ്ഞെടുപ്പില് ആര്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല് രാഷ്ട്രപതിയുടെ ഇടപെടല് അനിവാര്യമായി മാറും.
ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെയോ ഇതിന് സാധിച്ചില്ലെങ്കില് ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെയോ രാഷ്ട്രപതിക്ക് സര്ക്കാര് രൂപീകരിക്കുന്നതിനായി വിളിക്കാം. അവർ സഭയിൽ കേവലം ഭൂരിപക്ഷം തെളിയിക്കേണ്ടതായി വരും. വിശ്വാസ പ്രമേയത്തിൻ്റെ ഭാവി ആശ്രയിച്ചായിരിക്കും ആ സർക്കാരിൻ്റെ ഭാവി.
വിശ്വാസവോട്ടെടുപ്പിനുള്ള രാഷ്ട്രപതിയുടെ ആഹ്വാനമാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തില് ഭൂരിപക്ഷം തെളിയിക്കുന്ന പാര്ട്ടിക്കോ മുന്നണിക്കോ അധികാരത്തിലെത്താം. എന്നാല് ഭൂരിപക്ഷം തെളിയിക്കാന് സാധിച്ചില്ലെങ്കില് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇക്കാര്യത്തിലും രാഷ്ട്രപതിയുടെ വിവേചനാധികാരം അനുസരിച്ചായിരിക്കും തീരുമാനം.
1998ല് ഇന്ത്യന് പാര്ലമെന്റ് ഇത്തരമൊരു സാഹചര്യത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് അടല് ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില് എന്ഡിഎ മുന്നണി തെലുങ്ക് ദേശം പാര്ട്ടിയുടെ കൂടെ പിന്തുണയിലാണ് അധികാരത്തില് വന്നത്. 272 എംപിമാരുടെ പിന്തുണയില് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാല് ഒരു വര്ഷത്തിന് ശേഷം എഐഎഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതോടെ ആ സര്ക്കാര് താഴെ വീണു. 1999ല് വീണ്ടും രാജ്യം തിരഞ്ഞെടുപ്പിന് സാക്ഷിയായി.