
May 15, 2025
11:57 AM
ബെംഗളൂരു : ആർഎസ്എസ് നടത്തിയ രഹസ്യ സർവേ പ്രകാരം ഇത്തവണ ബിജെപി 200 സീറ്റ് പോലും നേടില്ലെന്ന അവകാശ വാദവുമായി കർണ്ണാടക മന്ത്രിയും കോണ്ഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്ത് ബിജെപി എട്ട് സീറ്റ് പോലും നേടില്ലെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കടുത്ത വേനൽ വരൾച്ചയിൽ ദുരിതാശ്വാസം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ ശുദ്ധ നുണയെന്നും കർണ്ണാടക മന്ത്രി ആരോപിച്ചു .അമിത് ഷായെ തെറ്റായ വിവരങ്ങളുടെ മന്ത്രി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പല മുതിർന്ന ബിജെപി നേതാക്കളും പാർട്ടിയെ ശുദ്ധീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബെംഗളൂരുവിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യവെ, കർണാടകയിൽ വരൾച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നിർദ്ദേശം അയയ്ക്കാൻ മൂന്ന് മാസം വൈകിയെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമയ പരിധിയായിരുന്ന ഒക്ടോബർ 31 ന് ആഴ്ചകൾക്ക് മുന്നേ സെപ്തംബർ 23 ന് റിപ്പോർട്ട് സമർപ്പിച്ചതിന്റെ പകർപ്പുമായാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കർണ്ണാടക കോൺഗ്രസ് നേതൃത്വം ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.