
ഭോപ്പാല്: പുതുതായി പാര്ട്ടിയില് ചേര്ന്നെന്ന് അവകാശപ്പെടുന്ന 2.58 ലക്ഷം ആളുകളുടെ പേരുകള് പുറത്ത് വിടാന് ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് കോണ്ഗ്രസ് അദ്ധ്യക്ഷന് ജിതു പട്വാരി. ബിജെപി നേതാവും മുന് മന്ത്രിയുമായ നരോത്തം മിശ്ര 2.58 ലക്ഷം പേര്, ഏപ്രില് ആറിന് മാത്രം 1.26 ലക്ഷം പേര്, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബിജെപിയിലെത്തിയെന്ന് ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. വന്നവരില് കൂടുതല് പേരും കോണ്ഗ്രസില് നിന്നാണ് എത്തിയതെന്നും നരോത്തം മിശ്ര പറഞ്ഞിരുന്നു. അതിനോടാണ് ജിതു പട്വാരിയുടെ പ്രതികരണം.
'ഞാന് അവരെ വെല്ലുവിളിക്കുന്നു. പാര്ട്ടിയില് ചേര്ന്നെന്ന് അവകാശപ്പെടുന്ന 2.58 ലക്ഷം ആളുകളുടെ പേരുകള് പുറത്ത് വിടുമോ?', ജിതു പട്വാരി പറഞ്ഞു. ഖനനം, മണ്ണ്, ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളില് പ്രവര്ത്തിക്കുന്ന, സര്ക്കാരുമായി ചേര്ന്ന് പ്രവര്ത്തിക്കുന്ന മാഫിയ അംഗങ്ങളാണ് ബിജെപിയില് ചേരുന്നത്. അച്ചടക്ക ലംഘനത്തെ തുടര്ന്ന് വിവിധ പാര്ട്ടികളില് നിന്ന് പുറത്താക്കിയവരാണ് ബിജെപിയില് ചേരുന്നത്. ഞങ്ങളവരെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നും ജിതു പട്വാരി പറഞ്ഞു.