
/topnews/national/2024/04/07/cbi-should-not-be-allowed-to-interrogate-kavitha-in-court
ന്യൂഡല്ഹി: ചോദ്യം ചെയ്യാന് സിബിഐയെ അനുവദിച്ച ഉത്തരവ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹി മദ്യനയ അഴിമതി കേസില് അറസ്റ്റിലായ ബിആര്എസ് നേതാവ് കെ കവിത കോടതിയെ സമീപിച്ചു. കോടതിയില് നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സിബിഐ യഥാര്ത്ഥ വസ്തുതകള് വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകന് പറഞ്ഞു. കേസില് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന കവിത നിലവില് തീഹാര് ജയിലിലാണ്. കവിതയുടെ ഹരജിയില് നിലപാട് അറിയിക്കാന് സിബിഐക്ക് കോടതി സമയം അനുവദിച്ചു.
കവിതയുടെ ഫോണില് നിന്ന് ചാര്ട്ടഡ് അക്കൗണ്ടന്റുമായുളള വാട്സ് ആപ്പ് ചാറ്റുകളെ കുറിച്ച് ചോദിച്ചറിയണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാല്, സിബിഐ സമര്പ്പിച്ച അപേക്ഷയുടെ പകര്പ്പ് തനിക്ക് ലഭിക്കുകയും മറുപടിക്ക് അവസരം നല്കുന്നതുവരെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കവിതയുടെ ആവശ്യം.
ഡല്ഹി മദ്യനയ കേസില് അറസ്റ്റിലായ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തീഹാര് ജയിലിലാണ്. കെജ്രിവാളിനെ ചോദ്യം ചെയ്യാന് വിചാരണ കോടതി സിബിഐക്ക് അനുമതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് കവിതയേയും ചോദ്യം ചെയ്യാന് അനുമതി നല്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചത്.