
തെലങ്കാന: ബിആർഎസിൻ്റെ ഭദ്രാചലം എംഎൽഎ തെല്ലം വെങ്കട്ട് റാവു കോൺഗ്രസിൽ ചേർന്നു. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെയും മറ്റ് മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു വെങ്കട്ട് റാവുവിൻ്റെ കോൺഗ്രസ് പ്രവേശനം. 25 ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎമാർ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും സംസ്ഥാന ജലസേചന മന്ത്രി എൻ ഉത്തം കുമാർ റെഡ്ഡി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വെങ്കട്ട് റാവു കോൺഗ്രസ് പാളയത്തിലെത്തിയത്.
വെങ്കട്ട് റാവുവിനൊപ്പം ഭദ്രാചലം മണ്ഡലത്തിലെ നിരവധി ബിആർഎസ് നേതാക്കളും കോൺഗ്രസിൽ ചേർന്നു. ബിആർഎസ് വിട്ട് ഭരണകക്ഷിയിൽ ചേരുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് വെങ്കട്ട് റാവു. സ്റ്റേഷൻ ഘാൻപൂർ എംഎൽഎ കഡിയം ശ്രീഹരി, ഖൈരത്ബാദ് എംഎൽഎ ദാനം നാഗേന്ദർ എന്നിവരാണ് നേരത്തെ ബിആർഎസ് ഉപേക്ഷിച്ച മറ്റു എംഎൽഎമാർ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരിയ ഖമ്മം ജില്ലയിലെ ഏക ബിആർഎസ് എംഎൽഎയായിരുന്നു വെങ്കട്ട് റാവു , വെങ്കട്ട് റാവു കൂടി പോയതോടെ ബിആർഎസിന് ജില്ലയിൽ സന്നിധ്യമില്ലാതെയായി. കോൺഗ്രസ് നേതാവായ ശ്രീനിവാസ് റെഡ്ഡിയുമായി അടുത്ത ബന്ധം പുലർത്തിയതിനാൽ വെങ്കട്ട് റാവു പാർട്ടി വിടുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.