
ഡൽഹി: കച്ചൈത്തീവ് ദ്വീപ് വിവാദത്തിൽ ഒരിക്കൽ കൂടി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുറത്തുവരുന്ന വിവരങ്ങൾ ഡിഎംകെയുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരാൻ കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കരാറിനെതിരെ ഡിഎംകെ പരസ്യമായി നിലപാടെടുത്തിട്ടും അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി കരാറിന് അനുമതി നൽകിയെന്ന് അവകാശപ്പെടുന്ന, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ഉദ്ധരിച്ചാണ് മോദിയുടെ പോസ്റ്റ്.
രാജ്യ താത്പര്യം സംരക്ഷിക്കാൻ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. ഇരു പാർട്ടികളും കുടുംബവാഴ്ചയാണ് തുടർന്ന് പോരുന്നതെന്നും കോൺഗ്രസിനെക്കൂടി ലക്ഷ്യം വച്ച് മോദി പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ കരാർ വിവാദമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതികരണം. 1974ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് ഈ കരാറിൽ ഒപ്പുവച്ചത്. രാജ്യതാത്പര്യത്തെ വഞ്ചിക്കുന്നതാണ് കച്ചൈത്തീവ് വിട്ടുനൽകിയ തീരുമാനമെന്ന് മോദി നേരത്തെയും പറഞ്ഞിരുന്നു. 1974ലെ ഇന്ദിരാഗാന്ധി സർക്കാർ എങ്ങനെയാണ് കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്കിയതെന്ന വിവരാകാശ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ വിമർശനം.
Rhetoric aside, DMK has done NOTHING to safeguard Tamil Nadu’s interests. New details emerging on #Katchatheevu have UNMASKED the DMK’s double standards totally.
— Narendra Modi (@narendramodi) April 1, 2024
Congress and DMK are family units. They only care that their own sons and daughters rise. They don’t care for anyone…
കച്ചൈത്തീവ് മത്സ്യ തൊഴിലാളി പ്രശ്നങ്ങളിൽ യാതൊരു ഉത്തവാദിത്വവുമില്ലെന്ന മട്ടിലാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും പെരുമാറ്റമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ 5 വർഷം പാർലമെൻ്റിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ല വിവരങ്ങളും കേന്ദ്രം കൈമാറിയിരുന്നു. അന്ന് ഡിഎംകെ വേണ്ട ഇടപെടൽ നടത്തിയില്ല. അവരാണ് ഇപ്പോഴും തമിഴ്നാട് ഭരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. അന്ന് ഒന്നും ചെയ്യാത്തതു കൊണ്ടാണ് 6184 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നു. കോൺഗ്രസ്, ഡിഎംകെ നേതാക്കൾ സ്വന്തം മക്കളുടെ കാര്യം മാത്രമാണ് നോക്കുന്നത്. മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത് കേന്ദ്രസർക്കാർ ഇടപെട്ടാണെന്നും ജയശങ്കർ ആരോപിച്ചു.
1974ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെങ്ങനെയെന്ന് പ്രതിപാദിക്കുന്ന വിവരാവകാശ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി ഈ വിഷയത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.
'കചൈത്തീവിൽ കോൺഗ്രസും ഡിഎംകെയും കൈകഴുകുന്നു; പ്രാധാന്യമില്ലെന്ന നിലപാടെടുത്തത് നെഹ്റുവും ഇന്ദിരയും'