
ആൽവാർ: സ്കൂളിൽ വച്ച് വെള്ളം കുടിക്കുന്നതിനിടെ ബക്കറ്റിൽ തൊട്ടതിന് എട്ട് വയസ്സുള്ള ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പൊതുടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ സമീപത്ത് വെള്ളം നിറച്ചുവച്ച ബക്കറ്റിൽ തൊട്ടതിനായിരുന്നു രാജസ്ഥാനിലെ ആൽവാറിൽ കുഞ്ഞിന് ക്രൂരമർദനമേറ്റത്. ജാതിയുടെ പേരിലായിരുന്നു പ്രദേശത്തെ ഉയർന്ന ജാതിക്കാരനായ ആൾ എട്ട് വയസ്സുള്ള ചിരാഗിനെ മർദിച്ചത്.
ബക്കറ്റിൽ തൊട്ടത് കണ്ട് പ്രകോപിതനായ രതിറാം ഠാക്കൂര് ക്രൂരമായാണ് കുഞ്ഞിനെ മര്ദിച്ചത്. ഠാക്കൂർ വെള്ളം നിറയ്ക്കുന്നതിനിടെ ഇത് മാറ്റി വച്ച് ചിരാഗ് വെള്ളം കുടിക്കുകയായിരുന്നു. മർദനമേറ്റ വിവരം കുട്ടി വീട്ടിൽ അറിയിച്ചു.
പിന്നാലെ സംഭവത്തെ കുറിച്ച് ചോദിക്കാൻ ചെന്ന കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് രതിറാം ഠാക്കൂര് ഭീഷണിപ്പെടുത്തി. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.