
ഡല്ഹി: കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുനല്കിയ കോണ്ഗ്രസ് തീരുമാനത്തെ വിമര്ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ഡിഎംകെ. മോദിയുടെ വിമര്ശനം കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചാരണമാണെന്ന് ഡിഎംകെ വക്താവ് എസ് മനുരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. 1974ലെ ഇന്ദിരാഗാന്ധി സര്ക്കാറാണ് കച്ചൈത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുനല്കാന് തീരുമാനിച്ചത്. തന്ത്രപ്രധാനമായ സ്ഥലം വിട്ടുനല്കിയ കോണ്ഗ്രസ് നടപടി കണ്ണുതുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നായിരുന്നു മോദിയുടെ സമൂഹമാധ്യമത്തിലൂടെയുള്ള വിമര്ശനം. ജനങ്ങള് ദേഷ്യത്തിലാണെന്നും കോണ്ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
എന്നാല്, ബിജെപി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണെന്നും അത് ഭയം കൊണ്ടാണെന്നും ഡിഎംകെ ആരോപിച്ചു. 50 വര്ഷത്തോളം പഴക്കമുള്ള ഒരു വിഷയത്തില് തൻ്റെ പാര്ട്ടിക്കാരന് നല്കിയ വിവരാവകാശ ചോദ്യവും അദ്ദേഹത്തിന് സര്ക്കാര് നല്കിയ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു വാര്ത്താ ലേഖനമാണ് പ്രധാനമന്ത്രിയുടെ കണ്ണു തുറപ്പിച്ചത്. സര്ക്കാര് അധികാരത്തില് വന്ന് പത്ത് വർഷത്തിന് ശേഷവും, ബിജെപി അതിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താന് ഭയപ്പെടുന്നു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ് അദ്ദേഹമെന്നും മനുരാജ് 'എക്സി'ൽ പങ്കുവെച്ച കുറിപ്പില് ചൂണ്ടിക്കാണിച്ചു. ഇതൊരു പരിതാപകരമായ രാഷ്ട്രീയ പ്രചാരണ വിഷയമാണെന്നും മനുരാജ് കുറിച്ചു.
തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സ്യത്തൊഴിലാളികള് മീന്പിടിക്കാന് പോകാറുള്ള സ്ഥലമാണ് കച്ചൈത്തീവ്. ഇന്ത്യന് സമുദ്രത്തില് മത്സ്യസമ്പത്ത് കുറയുമ്പോഴാണ് തൊഴിലാളികള് ഇവിടേക്ക് പോകുക. അന്താരാഷ്ട്ര രേഖ മറികടന്നാലേ തൊഴിലാളികള്ക്ക് ഇവിടേക്ക് എത്താനാകൂ. ദ്വീപ് തങ്ങളുടെ അധീനതയിലായതിനാല് ശ്രീലങ്കന് സേന ഈ തൊഴിലാളികളെ തടഞ്ഞുവെക്കുന്നത് പതിവാണ്. കച്ചൈത്തീവ് തിരിച്ചുപിടിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.