
ഹൈദരബാദ്: ബിആര്എസ് എംഎല്എയും മുന് ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരിയും മകള് കാവ്യ കഡിയയവും കോണ്ഗ്രസില് ചേര്ന്നു. തെലങ്കാനയിലെ ഫോണ് ചോര്ത്തല് തര്ക്കത്തിനിടെ തിരഞ്ഞെടുപ്പ് മത്സരത്തില് നിന്ന് ഭാരത് രാഷ്ട്ര സമിതി (ബിആര്എസ്) പിന്മാറിയ സാഹചര്യത്തിലാണ് ഇരുവരും കോണ്ഗ്രസിലേക്ക് ചേക്കേറിയത്.
മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെയും സംസ്ഥാന ഇന്ചാര്ജ് ദീപാ ദാസ് മുന്ഷിയുടെയും സാന്നിധ്യത്തിലാണ് അച്ഛനും മകളും പാര്ട്ടിയില് ചേര്ന്നത്. 2023 മുതല് ഘാന്പൂര് സ്റ്റേഷന് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കഡിയം ശ്രീഹരി 2015 മുതല് 2018 വരെ ഉപമുഖ്യമന്ത്രി പദവിയും അലങ്കരിച്ചിരുന്നു. ഫോണ് ചോര്ത്തലും പാര്ട്ടിയിലെ അഴിമതിയാരോപണങ്ങളും കാരണം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് വാറങ്കലില് നിന്നുള്ള ബിആര്എസ് സ്ഥാനാര്ത്ഥിയായ കാവ്യ കഡിയം പിന്മാറുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബിആര്എസ് അധ്യക്ഷന് ചന്ദ്രശേഖര് റാവുവിന് അയച്ച കത്തില് കാവ്യ തന്റെ തീരുമാനത്തിന് പിന്നില് അഴിമതിയും ഫോണ് ചോര്ത്തലുമാണെന്ന് ആരോപിച്ചിരുന്നു. ആരോപണങ്ങള് പാര്ട്ടിയുടെ അന്തസ്സ് താഴ്ത്തിയെന്നും കാവ്യ ആരോപിച്ചു.
സമീപകാലത്ത് ബിആര്എസ് നിരവധി കൂറുമാറ്റങ്ങള്ക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തിലാണ് ഏറ്റവും പുതിയ സംഭവവികാസം. ബിആര്എസ് എംഎല്എ ദനം നാഗേന്ദര്, വാറങ്കലില് നിന്നുള്ള സിറ്റിംഗ് ലോക്സഭ അംഗം പശുനൂരി ദയാകര്, ചെവെല്ല ബിആര്എസ് എംപി രഞ്ജിത്ത് റെഡ്ഡി എന്നിവരും കോണ്ഗ്രസില് ചേര്ന്നിരുന്നു. അതേസമയം, ബിആര്എസ് എംപിമാരായ ബിബി പാട്ടീലും പി രാമുലുവും ബിജെപിയിലേക്ക് മാറി. തെലങ്കാനയില് ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 13ന് ഒറ്റഘട്ടമായാണ് നടക്കുന്നത്.