ലോക്സഭാ തിരഞ്ഞെടുപ്പില് ഒവൈസിക്കെതിരെ സാനിയ?; ഹൈദരാബാദിൽ അപ്രതീക്ഷിത നീക്കത്തിന് കോൺഗ്രസ്

സാനിയ മിര്സയുടെ ജനപ്രീതിയും സെലിബ്രിറ്റി പദവിയും ഉപയോഗിച്ച് കോണ്ഗ്രസ് തിരഞ്ഞെടുപ്പിൽ കാലുറപ്പിക്കാൻ നോക്കുകയാണെന്നാണ് രാാഷ്ട്രീയ നിരീക്ഷകർ പറയുന്നത്

dot image

ഹൈദരാബാദ്: ഹൈദരാബാദില് എഐഎംഐഎം അദ്ധ്യക്ഷന് അസദുദ്ദീന് ഒവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിര്സയെ മത്സരിപ്പിക്കാന് കോണ്ഗ്രസ് ഒരുങ്ങന്നതായി റിപ്പോര്ട്ട്. ഗോവ, തെലങ്കാന, യുപി, ജാര്ഖണ്ഡ്, ദാമന് ദിയു എന്നീ നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്ത്ഥികളെക്കുറിച്ച് ചര്ച്ച ചെയ്യാന് ബുധനാഴ്ച ചേര്ന്ന കോണ്ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില് മിര്സയുടെ പേര് ഉയര്ന്നുവന്നു. സാനിയ മിര്സയുടെ ജനപ്രീതിയും സെലിബ്രിറ്റി പദവിയും ഉപയോഗിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കാലുറപ്പിക്കാൻ നോക്കുകയാണെന്നാണ് രാാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 1980-ൽ കെ എസ് നാരായണനിലൂടെയാണ് കോൺഗ്രസ് അവസാനമായി ഹൈദരാബാദിൽ മണ്ഡലം പിടിച്ചെടുത്തത്.

മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റനും കോണ്ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയ മിര്സയുടെ പേര് മുന്നോട്ട് വെച്ചത്. ക്രിക്കറ്റ് താരത്തിന്റെ മകന് മുഹമ്മദ് അസദ്ദുദീന് സാനിയ മിര്സയുടെ സഹോദരി അനം മിര്സയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില് അസ്ഹറുദ്ദീന് മത്സരിച്ചിരുന്നു. ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിന്ന് ബിആർഎസിന് വേണ്ടിയാണ് മത്സരിച്ചത്. എന്നാല് മാഗന്തി ഗോപിനാഥിനോട് 16,000 വോട്ടുകൾക്ക് പരാജയപ്പെട്ടു.

എഐഎംഐഎമ്മിൻ്റെ ശക്തികേന്ദ്രമാണ് ഹൈദരാബാദ്. 1984-ൽ സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ഹൈദരാബാദ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും പിന്നീട് 1989 മുതൽ 1999 വരെ എഐഎംഐഎം സ്ഥാനാർത്ഥിയായും വിജയിച്ചു. അദ്ദേഹത്തിന് ശേഷം അസദുദ്ദീൻ ഒവൈസി 2004 മുതൽ സീറ്റ് കൈവശം വച്ചുകൊണ്ട് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി. 2019 ൽ ഒവൈസിക്കെതിരെ 14 സ്ഥാനാർത്ഥികൾ മത്സരിച്ചു. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 58.94% നേടി ആധിപത്യം നിലനിർത്തി അദ്ദേഹം സീറ്റ് നേടുകയായിരുന്നു.

dot image
To advertise here,contact us
dot image