
/topnews/national/2024/03/26/our-sleep-is-lostuntil-we-send-you-home-says-udayanidhi-stalin
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. മോദിയെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികൾ കണ്ട് ഇൻഡ്യ മുന്നണിയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഡിഎംകെയ്ക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങാൻ പോകുന്നില്ല. 2014-ൽ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നെങ്കിൽ ഇന്നത് 1200 രൂപയാണ്. തിരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറുരൂപ വിലകുറച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിലിണ്ടറിന് വീണ്ടും അഞ്ഞൂറുരൂപ വിലയുയർത്തും. ’’ ഉദയനിധി പറഞ്ഞു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച കാലയളവിൽ തമിഴ്നാടിനെ മോദി തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യർഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. വികസന പദ്ധതികൾ കണ്ട് കോൺഗ്രസിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വികസനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് കരുത്തില്ലെന്നുമായിരുന്നു മോദിയുടെ ആരോപണം. അവരതിനെ തിരഞ്ഞെടുപ്പ് തന്ത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. നിഷേധാത്മകതയാണ് കോൺഗ്രസിന്റെ സ്വഭാവസവിശേഷതെന്നും മോദി കുറ്റപ്പെടുത്തി. ഇതിനാണ് ഉദയനിധി മറുപടി നൽകിയത്.