കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്ന് ചാക്കിലാക്കി,ചോദിച്ചത് 23 ലക്ഷം; ക്രൂരത വീടുപണിക്ക് പണംകണ്ടെത്താൻ

തട്ടിക്കൊണ്ടുപോയ കുട്ടിയെ ചാക്കിലാക്കി വീടിന് പുറകിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

dot image

താനെ: വീട് പണിക്ക് പണം കണ്ടെത്താൻ ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് ചാക്കിൽ കെട്ടി വീടിന് പുറകിൽ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് വൈകീട്ടോടെ പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് തന്നെ ടെയ്ലറിങ് ജോലി ചെയ്യുന്ന സൽമാൻ മൌലവിയെന്നയാളാണ് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ചാക്കിലാക്കി വീടിന് പുറകിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പുതിയ വീട് നിർമ്മാണത്തിനായി പണം ആവശ്യമായി വന്നതോടെ ഇബാദിനെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളിൽ നിന്ന് 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടാൻ സൽമാൻ പദ്ധതിയിട്ടു. ഏറെ വൈകിയിട്ടും ഇബാദ് പള്ളിയിൽ നിന്ന് മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തി. വൈകാതെ ഇബാദിന്റെ പിതാവ് മുദ്ദാസിറിന് ഒരു ഫോൺ സന്ദേശമെത്തി. മകനെ തിരിച്ച് നൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഈ കോൾ. മറ്റ് വിശദാംശങ്ങൾ നൽകാതെ ഈ ഫോൺകോൾ പെട്ടന്ന് അവസാനിച്ചു.

ബന്ധുക്കൾ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് ഇബാദിനായി തെരച്ചിൽ ആരംഭിച്ചു. കുട്ടിക്കായി നാട് മുഴുവൻ തെരച്ചിൽ നടക്കുകയാണെന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാൻ തന്റെ സിം കാർഡ് മാറ്റി. ഇബാദിന്റെ പിതാവിന് ലഭിച്ച ഫോൺ കോളിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ചയായതോടെ, സൽമാന്റെ വീട് പൊലീസ് ട്രേസ് ചെയ്തു. വീട്ടിലെത്തിയ പൊലീസിനും നാട്ടുകാർക്കും കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്താനായത്.

സൽമാന്റെ വീടിന് പുറകിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. സംഭവത്തിൽ സൽമാനെയും സഹോദരൻ സൌഫാൻ മൌലവിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രധാനപ്രതി സൽമാൻ ആണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.

dot image
To advertise here,contact us
dot image