താരവും താരപുത്രനും നേര്ക്കുനേര്; ആരുടെ പ്രകടനത്തില് വീഴും വിരുദുനഗർ?

വിവിധ പ്രത്യയശാസ്ത്രങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമായ വിരുദുനഗറിന് സമ്പന്നമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്.

dot image

താര രാഷ്ട്രീയം തമിഴകത്തിന് പുതുമയല്ല. നിരവധി താരങ്ങളെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയർത്തി വിജയിപ്പിച്ച പാരമ്പര്യം തമിഴ് മണ്ണിനുണ്ട്. ഇക്കുറിയും തമിഴ്നാട് താര പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. വിരുദുനഗറാണ് മണ്ഡലം, ഒരു താരവും താരപുത്രനുമാണ് ഇവിടെ നേര്ക്കുനേര് പോരാട്ടത്തിനിറങ്ങുന്നത്.

വിരുദുനഗറില് എൻഡിഎ നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഡിഎംഡികെയുടെ സ്ഥാനാർത്ഥിയാകുന്നത് അന്തരിച്ച തമിഴ് നടൻ വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരനാണ്.

കഴിഞ്ഞയിടയ്ക്കാണ് ശരത് കുമാറിന്റെ പാര്ട്ടി ബിജെപിയില് ലയിച്ച് എൻ ഡി എയുടെ ഭാഗമായത്. 2007ലാണ് ശരത് കുമാർ 'ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി' പാർട്ടി രൂപീകരിച്ചത്. ഏറെക്കാലം എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു. 2011ലെ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ട് നിയമസഭ സീറ്റുകളിൽ വിജയിച്ചിരുന്നു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര് വ്യക്തമാക്കിയിരുന്നു. നാലാം ഘട്ട സ്ഥാനാര്ത്ഥി പട്ടികയിലാണ് രാധിക 'സര്പ്രൈസ് സ്ഥാനാര്ത്ഥി'യായി ഇടം നേടിയത്.

ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ജ്യോതിക കൊടുത്ത മറുപടി ഇങ്ങനെ

വിജയകാന്തിന്റെ മരണശേഷം ഡിഎംഡികെ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് നേരിടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് വിജയകാന്ത് അന്തരിച്ചത്. 2005ലാണ് വിജയകാന്ത് ഡിഎംഡികെ സ്ഥാപിച്ചത്. 2006ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്ട്ടി മത്സരിച്ചപ്പോള് വിജയിച്ച ഏക സ്ഥാനാര്ത്ഥി വിജയകാന്ത് ആയിരുന്നു. ദക്ഷിണ തമിഴ്നാട്ടില് ഡിഎംഡികെയ്ക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് വിരുദുനഗർ. ഈ സാധ്യത തിരിച്ചറിഞ്ഞാണ് ഡിഎംഡികെ വിജയകാന്തിന്റെ മകനെ ഇവിടെ മത്സരരംഗത്തിറക്കാന് തീരുമാനിച്ചിരിക്കുന്നത്. എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ഡിഎംഡികെ.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വിരുദുനഗർ പാർലമെൻ്റ് സീറ്റിലെ ആകെ വോട്ടർമാർ ഏകദേശം 1484256 ആണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ 72.49 ആയിരുന്നു പോളിങ്. നിലവിൽ വിരുദുനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസ്സ് എംഎൽഎ മാണിക്കം ടാഗോറാണ്. ഡിഎംഡികെ പാർട്ടിയിലെ ആർ അളഗർസാമിയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു കഴിഞ്ഞ തവണ മാണിക്കത്തിന്റെ വിജയം.

വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമായ വിരുദുനഗറിന് സമ്പന്നമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ശക്തികേന്ദ്രമായിരുന്നു ഈ പ്രദേശം. നാടാർ, തേവർ, ദളിത് വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഇവിടെ കൂടുതലും. സാമുദായിക വോട്ടുകള് നിര്ണായകമായ ഇവിടെ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും എന്നാണ് വിലയിരുത്തല്. വിജയകാന്ത് ബാക്കിയാക്കിയ ഓര്മ്മകളാണോ രാധികയുടെ താരപ്രഭാവമാണോ കോണ്ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങളാണോ ഇവിടെ വിജയിക്കുക? ആരുടെ പ്രകടനത്തിനാവും ജനങ്ങൾ കൂടുതല് മാര്ക്കിടുക എന്ന് കണ്ടറിയാന് ജൂണ് നാല് വരെ കാത്തിരിക്കാം.

dot image
To advertise here,contact us
dot image