
ഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി. ജാമ്യം തേടി കവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ കവിതയ്ക്ക് ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കെ കവിതയ്ക്കായി ഹാജരായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിലാണ് മാർച്ച് 15ന് കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കവിതയ്ക്ക് ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ഇതിനിടെ അരവിന്ദ് കെജ്രിവാളിൻ്റെ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ മുന്നിലാണ് അരവിന്ദ് കെജ്രിവാളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആദ്യം ഹർജിക്കാര്യം ഉന്നയിച്ചത്. ഡൽഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ബെഞ്ച് ചേരുന്നുണ്ടെന്നും ഈ ബെഞ്ചിനു മുന്നിൽ വിഷയം ഉന്നയിക്കാനുമായിരുന്നു ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. തുടർന്ന് ഈ പ്രത്യേക ബെഞ്ചിനു മുന്നിൽ വിഷയം ഉന്നയിക്കാനെത്തി. എന്നാൽ കെ കവിതയുടെ വിഷയം പരിഗണിച്ച ബെഞ്ച് പിരിയാൻ തുടങ്ങുകയായിരുന്നു. ജസ്റ്റിസുമാരായ എം എം സുന്ദരേശും സഞ്ജീവ് ഖന്നയും മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. അരവിന്ദ് കെജ്രിവാളിന്റേത് റിട്ട് ഹർജിയാണെന്നും മൂന്നംഗ ബെഞ്ചിനേ ഇത് പരിഗണിക്കാനാവൂ എന്നും കോടതി അറിയിക്കുകയായിരുന്നു. വീണ്ടും ഇതേ വിഷയം ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിക്കുമെന്നും ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി കെജ്രിവാളിന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മാർച്ച് 21 ന് രാത്രിയോടെയാണ് അറസ്റ്റ് ഉണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ഇ ഡി ഒമ്പത് തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതില് ഹാജരാകാൻ കെജ്രിവാള് തയ്യാറായില്ല. തുടര്ന്ന് ഇഡി, കെജ്രിവാളിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്.
അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്രിവാളിൻ്റെ കുടുംബത്തെ സന്ദർശിക്കും. അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.
'അരവിന്ദ് കെജ്രിവാളിന്റെ ജീവന് ഭീഷണി'; അറസ്റ്റിൽ ആരോപണവുമായി എഎപി മന്ത്രിമാർ