
മുംബൈ: മഹാരാഷ്ട്രയില് എംഎന്എസ് തലവനും ബന്ധുവുമായ രാജ് താക്കറെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില് നടന്ന കൂടിക്കാഴ്ചയെ വിമര്ശിച്ച് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ രംഗത്ത്. മഹാരാഷ്ട്രയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില് ബിജെപിക്ക് വോട്ട് ലഭിക്കില്ലെന്ന് നന്ദേഡ് ജില്ലയിലെ പൊതുസമ്മേളനത്തില് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.
'ആദ്യം അവര് ബാല് താക്കറെയുടെ ഫോട്ടോ മോഷ്ടിച്ചു, പക്ഷേ അത് സാരമില്ല, ഇന്ന് അവര് മറ്റൊരു താക്കറെയെ മോഷ്ടിക്കാന് ശ്രമിക്കുകയാണ്, അത് എടുക്കൂ, ഞാനും എന്റെ ആളുകളും മതി. മഹാരാഷ്ട്രയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില് വോട്ട് കിട്ടില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. ജനങ്ങള് ഇവിടെ വോട്ട് ചെയ്യുന്നത് ബാല് താക്കറെയുടെ പേരിലാണ്. ഈ തിരിച്ചറിവാണ് പുറത്തുനിന്നുള്ള നേതാക്കളെ മോഷ്ടിക്കാന് ബിജെപിയെ പ്രേരിപ്പിച്ചത്' എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. മറാത്ത്വാഡ മേഖലയിലെ ഹിംഗോളി നന്ദേഡ ജില്ലകളില് രണ്ട് ദിവസത്തെ പര്യടത്തിന്റെ അവസാന ദിവസമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.
തന്റെ പാര്ട്ടിയായ ശിവസേനയുടെ ഹിന്ദുത്വ ശൈലിയില് ക്രിസ്ത്യാനികള്ക്കും മുസ്ലീങ്ങള്ക്കും ഒരു പ്രശ്നവുമില്ലെന്നും ഉദ്ധവ് താക്കറെ അവകാശപ്പെട്ടു. 'ഞങ്ങള് ബിജെപിക്കൊപ്പമായിരുന്നപ്പോള് ശിവസേനയുടെ (അവിഭക്ത) പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാല് ഞങ്ങള് അവരുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം, ക്രിസ്ത്യന്, മുസ്ലീം സമുദായങ്ങളില്പ്പെട്ടവര്ക്ക് പോലും ഞങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി അവര്ക്ക് പ്രശ്നങ്ങളില്ലെന്ന് പറയുന്നുവെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്ത്തു.
മഹാ വികാസ് അഘാഡിയുടെ വിജയത്തെ ഭയന്ന് ബിജെപിയും എംഎന്എസും സഖ്യമുണ്ടാക്കാന് ശ്രമിക്കുകയാണെന്ന് ശിവസേന (യുബിടി)യുടെ മുതിര്ന്ന നേതാവ് സഞ്ജയ് റാവത്തും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അവിഭക്ത ശിവസേനയില് നിന്ന് 2006ലാണ് രാജ് താക്കറെ വേര്പിരിഞ്ഞത്. ബന്ധുവായ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്ന്നായിരുന്നു രാജ് താക്കറെ പാര്ട്ടി വിട്ടത്. ശിവസേനയുമായി വേര്പിരിഞ്ഞ ശേഷം രാജ് താക്കറെ മഹാരാഷ്ട്ര നവനിര്മാണ് സേന (എംഎന്എസ്) രൂപീകരിച്ചു. മികവുറ്റ പ്രാസംഗികനും സംഘാടകനുമാണെങ്കിലും രാജ് താക്കറെയ്ക്ക് എംഎന്എസിനെ മഹാരാഷ്ട്രയിലെ സ്വാധീനശേഷിയുള്ള രാഷ്ടീയശക്തിയാക്കി മാറ്റാനായിട്ടില്ല.
നേരത്തെ ഡല്ഹിയില് രാജ് താക്കറെയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷവിമര്ശനവുമായി ഉദ്ധവ് താക്കറെ രംഗത്ത് വന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് മഹാരാഷ്ട്രയില് എന്ഡിഎയെ ശക്തിപ്പെടുത്തുന്നതിനായി രാജ് താക്കറെയുടെ പാര്ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ബിജെപി നീക്കമെന്നാണ് റിപ്പോര്ട്ടുകള്.