
/topnews/national/2024/03/20/ec-seeks-immediate-action-against-shobha-karandlaje
ബംഗളൂരു: തമിഴ്നാട്ടില് നിന്നും ഭീകര പരിശീലനം നേടിയ ആളുകള് ബംഗളൂരുവിലെത്തി സ്ഫോടനം നടത്തിയെന്ന പരാമര്ശത്തില് ബംഗളൂരു നോര്ത്തില് നിന്നുള്ള ബിജെപി സ്ഥാനാര്ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭാ കരന്തലജക്കെതിരെ നടപടിയെടുക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശം. കര്ണാടക ചീഫ് ഇലക്ടറല് ഓഫീസര്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശം നല്കിയത്. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്ട്ട് നല്കാനും നിര്ദേശമുണ്ട്.
ഡിഎംകെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശം. രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട പരാമര്ശത്തില് ശോഭാ കരന്തലജക്കെതിരെ കേസെടുത്തിരുന്നു. മധുര സിറ്റി പൊലീസാണ് കേസെടുത്തത്. കേസില് അന്വേഷണം നടക്കവെ ഇത്തരം പരാമര്ശം തമിഴര്ക്കും കന്നഡികര്ക്കുമിടയില് വിദ്വേഷം വളര്ത്താന് ഇടയാക്കുമെന്ന് പരാതിയില് പറയുന്നു. ഐപിസി സെക്ഷന് 153, 153 എ, 505 (1) (യ), 505 (2) എന്നീ വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടുകാര് ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള് നടത്തുന്നു. കേരളത്തിലെ ആളുകള് കര്ണാടകയിലെ പെണ്കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. ഇതിനെതിരെ കോണ്ഗ്രസ് സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ശോഭ കരന്ദലജെ ആരോപിച്ചത്. നഗരത്തിലെ അള്സൂരില് പള്ളിക്ക് സമീപം നമസ്കാര സമയത്ത് ലൗഡ് സ്പീക്കര് ഉപയോഗിച്ചതിനെത്തുടര്ന്നുണ്ടായ സംഘര്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭ കരന്ദലജെ വിവാദ പരാമര്ശങ്ങള്. പരാമര്ശം വിവാദമായതോടെ വെട്ടിലായ ശോഭാ കരന്തലജെ തമിഴ്നാടിനെതിരായ പരാമര്ശം പിന്വലിച്ച് മാപ്പ് പറഞ്ഞിരുന്നു.
'എന്റെ തമിഴ് സഹോദരി സഹോദരന്മാരോട്' എന്ന് അഭിസംബോധന ചെയ്യുന്ന ട്വീറ്റിലൂടെ പരാമര്ശത്തില് മാപ്പ് പറഞ്ഞത്. അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്ശത്തില് പ്രതികരണമില്ല. 'പരാമര്ശങ്ങള് പലരെയും വേദനിപ്പിച്ചു. ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള് പിന്വലിക്കുന്നു. എന്റെ പരാമര്ശങ്ങള് കൃഷ്ണഗിരി വനത്തില് പരിശീലനം നേടിയവരെ ഉദ്ദേശിച്ചാണ്. അവര്ക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ട്.' എന്നായിരുന്നു ശോഭ കരന്ദലജെയുടെ ട്വീറ്റ്.