
ന്യൂഡല്ഹി: കൊല്ലപ്പെട്ട ഗായകന് സിദ്ദു മുസേവാലയുടെ മാതാവിന്റെ ഐവിഎഫ് ചികിത്സയുടെ വിവരങ്ങള് കൈമാറാന് പഞ്ചാബ് സര്ക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട്, 2021 പ്രകാരം 21 നും 50 നും ഇടയില് പ്രായമുള്ള സ്ത്രീകള്ക്ക് മാത്രമെ കൃത്രിമ ഗര്ഭധാരണം നടത്താനാകൂ. എന്നാല് മുസേവാലയുടെ പിതാവിന് 60 ഉം മാതാവിന് 58 മാണ് പ്രായം. രണ്ട് വര്ഷം മുമ്പ് വെടിയേറ്റുമരിച്ച സിദ്ദു മുസെവാലയുടെ മാതാപിതാക്കള്ക്ക് മാര്ച്ച് 18 നാണ് ആണ്കുട്ടി ജനിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.
അതേസമയം പഞ്ചാബ് സര്ക്കാര് തങ്ങളെ മാനസിക പ്രയാസത്തിലാക്കുകയാണെന്ന് മുസേവാലയുടെ പിതാവ് ആരോപിച്ചു. ഐവിഎഫുമായി ബന്ധപ്പെട്ട് യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ആവശ്യമാണെങ്കില് ഏത് രേഖയും ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു. മാര്ച്ച് 14 നാണ് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പഞ്ചാബ് സര്ക്കാരിന് കത്തയച്ചത്.
പിന്നാലെ സംസ്ഥാന സര്ക്കാരിനെ വിമര്ശിച്ച് കോണ്ഗ്രസ് രംഗത്തെത്തി. സിദ്ദുവിന്റെ കുടുംബത്തെ സമ്മര്ദ്ദത്തിലാക്കുന്ന നടപടി പഞ്ചാബ് സര്ക്കാര് പിന്വലിക്കേണ്ടി വരുമെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് അമരീന്ദര് സിംഗ് രാജ പറഞ്ഞു. എന്നാല് ഭഗവന്ത് മന് എല്ലായ്പ്പോഴും പഞ്ചാബികളുടെ വികാരത്തെ മാനിക്കുന്നയാളാണെന്നും ചരണ് സിംഗിന്റെ ഐവിഎഫ് ചികിത്സ സംബന്ധിച്ചുള്ള റിപ്പോര്ട്ട് കേന്ദ്രസര്ക്കാര് തേടിയതിനാലാണ് രേഖകള് ആവശ്യപ്പെട്ടതെന്നും എഎപി വക്താവ് ട്വിറ്ററില് കുറിച്ചു.