
ന്യൂഡൽഹി: ദില്ലി മദ്യ അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്ന് നൽകിയെന്ന് ഇ ഡി. പണം നൽകിയത് ദില്ലി മദ്യനയ രൂപീകരണത്തിലും നടപ്പിലാക്കലിലും ആനുകൂല്യം ലഭിക്കാനെന്നും ഇ ഡി വ്യക്തമാക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു. 'അഴിമതിയും ഗൂഢാലോചനയും' വഴി മൊത്തക്കച്ചവടക്കാരിൽ നിന്ന് കൈക്കൂലിയുടെ രൂപത്തിൽ അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി കവിത സ്വരൂപിച്ചുവെന്നുമാണ് ഇ ഡിയുടെ ആരോപണം.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇഡി ഇതുവരെ പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവരടക്കം 15 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കേസിൽ ഒരു പ്രോസിക്യൂഷൻ പരാതിയും അഞ്ച് അനുബന്ധ പരാതികളും ഇഡി ഫയൽ ചെയ്തിട്ടുണ്ട്. കേസിൻ്റെ ഭാഗമായി ഇതുവരെ 128.79 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്.
ഡല്ഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15 വെള്ളിയാഴ്ചയായിരുന്നു ബിആര്എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. കവിതയുടെ ഹൈദരാബാദിലെ വീട്ടില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇഡി നല്കിയ സമന്സുകൾ കവിത അവഗണിച്ചതിനെ തുടര്ന്നായിരുന്നു റെയ്ഡ്. കവിതയുടെ അഞ്ച് ഫോണുകളും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഡല്ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില് കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര് മുഖേന എഎപി നേതാക്കള്ക്ക് 100 കോടി രൂപ കൈക്കൂലി ഇനത്തില് നല്കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിച്ചിരുന്നു.