മുട്ടക്കറിയുണ്ടാക്കാൻ വിസമ്മതിച്ച പങ്കാളിയെ യുവാവ് അടിച്ചുകൊന്നു; ഉപയോഗിച്ചത്ബെൽറ്റും ചുറ്റികയും

മദ്യലഹരിയിൽ അഞ്ജലിയെ കൊല്ലുകയായിരുന്നുവെന്ന് പങ്കാളി ലല്ലന് സമ്മതിച്ചു

dot image

ഡല്ഹി: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിന് യുവാവ് ലിവ് ഇൻ പാർട്ണറെ മർദ്ദിച്ച് കൊന്നു. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പങ്കാളിയായ 35കാരൻ ലല്ലൻ യാദവിനെ പിടികൂടി. പൊലീസ് ചോദ്യം ചെയ്യലിൽ പങ്കാളിയെ കൊന്നെന്ന് ലല്ലൻ യാദവ് സമ്മതിച്ചു. മദ്യലഹരിയിൽ 32കാരിയായ അഞ്ജലിയെ കൊല്ലുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

മുട്ടക്കറി ഉണ്ടാക്കി തരാൻ അഞ്ജലി വിസമ്മതിച്ചതോടെ തനിക്ക് സമനില തെറ്റിയെന്നും ബെറ്റും ചുറ്റികയും ഉപോഗിച്ച് മര്ദ്ദിച്ചുവെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. ബിഹാറിലെ ഔറാഹി സ്വദേശിയാണ് ലല്ലൻ യാദവ്. പണിനടക്കുന്ന കെട്ടിടത്തിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ കെയർ ടേക്കറാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ ഇയാള് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മാര്ച്ച് 10നാണ് ലല്ലൻ യാദവിനെയും അഞ്ജലിയെയും ഗുരുഗ്രാമിലെ ബസ് സ്റ്റാന്റിൽ നിന്ന് കെട്ടിടനിർമ്മാണ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവരുടെ പേരും മറ്റ് വിവരങ്ങളും ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ പക്കലുണ്ടായിരുന്നില്ല. അഞ്ജലിയെ ഭാര്യയെന്നാണ് ലല്ലൻ യാദവ് പരിചയപ്പെടുത്തിയത്.

എന്നാൽ ചോദ്യം ചെയ്യലിൽ തൻ്റെ ഭാര്യ ആറ് വർഷം മുമ്പ് പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് ലല്ലൻ പറഞ്ഞു. അതിന് ശേഷം ഇയാൾ ഡൽഹിയിലേക്ക് വന്നു. ഏഴ് മാസം മുമ്പ് ഇയാൾ അഞ്ജലിയെ പരിചയപ്പെട്ടു. തുടർന്ന് ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. അഞ്ജലിയെ കൊന്നശേഷം ഇയാള് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അഞ്ജലിയെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും ബെൽറ്റും പൊലീസ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പലം വിഹാർ എസിപി നവീൻ കുമാർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

dot image
To advertise here,contact us
dot image